യുഎസ്സില്‍ 65 യാത്രികരുമായി സഞ്ചരിച്ച വിമാനം ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണെന്ന് സംശയം

വാഷിങ്ടണ്‍: അമേരിക്കയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് യാത്രാ വിമാനം നദിയില്‍ പതിച്ചതായി സംശയം. വാഷിങ്ടണ്‍ റീഗണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്ത് വെച്ച് ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം 9.30 ഓടെയാണ് അപകടം. റീഗന്‍ വിമാനത്താവളത്തിലേക്ക് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്ന് വ്യക്തതയില്ലെന്ന് ടെക്സാസ് സെനറ്റര്‍ ടെഡ് ക്രൂസ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. 65 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കാന്‍സസില്‍ നിന്ന് വാഷിങ്ടണ്‍ റീഗണ്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനമെന്നാണ് വിവരം.
അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പ്രസ്ഥാവനയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 വിമാനവും അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചതായി അറിയിച്ചു. തങ്ങളുടെ ഹെലിക്കോപ്റ്ററും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അമേരിക്കന്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം സമീപത്തെ നദിയിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വിമാനത്താവളത്തിന് സമീപത്തുള്ള പോടോമാക് നദിയുടെ തീരത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. വിമാനം ലാന്‍ഡ് ചെയ്തതിന്റെ തെളിവുകളൊന്നും ഇല്ലെന്നും നദിയില്‍ വീണിരിക്കാനാണ് സാധ്യതയെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് സൂചന. അപകടത്തെ കുറിച്ച് വിവരം ലഭിച്ചതായും വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏജന്‍സിയും വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.