പാതി വില തട്ടിപ്പില്‍ ഇ ഡി അന്വേഷണം; പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം

കൊച്ചി: കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പില്‍ പ്രാഥമിക വിവര ശേഖരണം നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞ് നടത്തിയ സിഎസ്ആര്‍ തട്ടിപ്പില്‍ തൃശൂരിലും വന്‍ കൊള്ളയാണ് നടന്നത്. മൂന്ന് സീഡ് സൊസൈറ്റികളില്‍ നിന്നായി അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് നാലുമാസത്തിനിടെ ഒഴുകിയത് ഒന്നരക്കോടി രൂപയാണ്. പാതിവില തട്ടിപ്പില്‍ തൃശൂരില്‍ മാത്രം ഒന്നരക്കോടി രൂപയുടെ പരാതികള്‍ ഇതുവരെ ഉയര്‍ന്നിട്ടുണ്ട്. വടക്കാഞ്ചേരി, അന്തിക്കാട്, പുഴയ്ക്കല്‍, ഒല്ലൂക്കര എന്നിവിടങ്ങളില്‍ ആണ് ഏറ്റവും അധികം തട്ടിപ്പ് നടന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കേരളത്തില്‍ സമീപകാലത്ത് ഒന്നും ഇത്രയധികം സ്ത്രീകള്‍ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല. സി എസ് അര്‍ ഫണ്ടിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി അനന്തു കൃഷ്ണനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അനന്തുവിന്റെ മൂവാറ്റുപുഴയിലെ ഓഫീസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്‌തെന്ന് കണ്ടെത്താന്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും.