December 26, 2024
#kerala #Top Four

സ്വതന്ത്രന് നിക്ഷേപ തുക 5000, പക്ഷേ വോട്ടര്‍ പട്ടിക ലഭിക്കാന്‍ 25,000 കൊടുക്കണം

ചേലക്കര : സാധാരണ തെരഞ്ഞെടുപ്പുകളില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തിലെ ഒരു സെറ്റ് വോട്ടര്‍ പട്ടിക സൗജന്യമാണ്. പക്ഷേ ഈ ആനുകൂല്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാറില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലം സംവരണ മണ്ഡലമായതുകൊണ്ട് തന്നെ മറ്റു മണ്ഡലങ്ങളുടെ പകുതി തുകയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ നിക്ഷേപ തുക. അതായത് 5000 രൂപയാണ് ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെട്ടിവെക്കേണ്ട തുക.

Also Read; ആധാറിലെ ജനനത്തീയതി നിര്‍ണായ തെളിവല്ല: സുപ്രീംകോടതി

എന്നാല്‍ മണ്ഡലത്തിലെ ഒരു സെറ്റ് വോട്ടര്‍ പട്ടിക സ്വന്തമാക്കാന്‍ സ്വതന്ത്രനാണെങ്കില്‍ 25,000 രൂപ അടയ്ക്കണം. ചേലക്കര മണ്ഡലത്തില്‍ ആകെ മൊത്തം 180 ബൂത്തുകളാണുള്ളത്. അതുകൊണ്ട് തന്നെ എല്ലാ ബൂത്തുകളിലേയും കൂടി ഒന്നിച്ചാണ് പട്ടിക ലഭിക്കുക. പട്ടിക ഒന്നിച്ച് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ചട്ടത്തില്‍ പറയുന്നുണ്ട്. ചേലക്കരയിലെ പട്ടികയ്ക്ക് എണ്ണായിരത്തിലധികം പേജുകളുണ്ട്. ഒരു പേജിന് മൂന്നു രൂപ സര്‍ക്കാരിലേക്ക് അടയ്ക്കണം.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ സ്വതന്ത്രര്‍ക്ക് പ്രാധാന്യമേറി. ഉപതെരഞ്ഞെടുപ്പുകളില്‍ പ്രധാന കക്ഷികള്‍ തന്നെ സ്വതന്ത്രരായി ചിലരെ സ്വന്തം നിലയില്‍ രംഗത്തിറക്കുന്നത് പതിവാണ്. ചീഫ് ഇലക്ഷന്‍ ഏജന്റ്, വാഹന പാസ്, പോളിങ് സ്‌റ്റേഷനുകളിലെ ഏജന്റ് തുടങ്ങി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കയറാനുള്ള സൗകര്യം ഇവരില്‍ നിന്ന് പ്രധാന മുന്നണികള്‍ കൈവശപ്പെടുത്തും. സ്ഥാനാര്‍ത്ഥിക്ക് ലഭ്യമാകുന്ന ഇത്തരം ആനുകൂല്യങ്ങള്‍ക്കായി ചില സ്വതന്ത്രര്‍ ഇതിനോടകം വരണാധികാരിയെ സമീപിച്ചിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *