ആളുമാറി ദഹിപ്പിച്ച ശോശാമ്മയുടെ ചിതാഭസ്മം പള്ളിയില്‍ സംസ്‌കരിക്കും
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി.
ആളുമാറി ദഹിപ്പിച്ച ചോറ്റി സ്വദേശി ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് കല്ലറയില്‍ നിക്ഷേപിക്കാന്‍ ധാരണയായി. ചിതാഭസ്മം ചോറ്റിയിലെ വീട്ടിലെത്തിച്ച് പ്രാര്‍ഥന നടത്തും. അതേസമയം ചെറുവള്ളി മാന്‍കുഴിയില്‍ കമലാക്ഷിയമ്മയുടെ മൃതദേഹം മക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാനും ധാരണയായി.
ചിറക്കടവ് കവല സ്വദേശിനിയായ കമലാക്ഷിയുടെ മൃതദേഹമെന്ന പേരില്‍, ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെയും തഹസില്‍ദാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നപരിഹാരം ഉണ്ടായത്.
Also Read; സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജമെന്ന് പോലീസ്; ആളെ തിരിച്ചറിഞ്ഞു
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് മൃതദേഹങ്ങള്‍ മാറി നല്‍കിയത്. ഇന്നു രാവിലെ പത്തു മണിക്ക് നിശ്ചയിച്ചിരുന്ന ശോശാമ്മയുടെ സംസ്‌കാരത്തിനായി മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് ആളു മാറിയ വിവരം അറിയുന്നത്. ഉടന്‍ തന്നെ കമലാക്ഷിയമ്മയുടെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്കും മൃതദേഹം ദഹിപ്പിച്ചിരുന്നു.