December 26, 2024
#india #Top News

യുപിയിലെ സംഘര്‍ഷത്തില്‍ മരണം നാലായി ; എം പിക്കെതിരെ കേസെടുത്ത് പോലീസ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംബാലിലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരണം നാലായി. അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി സംബാല്‍ എം പി സിയ ഉര്‍ റഹ്മാനെതിരെ പോലീസ് കേസെടുത്തു. അതേസമയം സംഘര്‍ഷത്തിന് ഉത്തരവാദി ബിജെപിയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പക്ഷപാതിത്വത്തോടെ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഭവത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കി.

Also Read ; പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു

ഇന്നലെ സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കൈഫിന്റെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. വെടിയേറ്റ മൂന്ന് പേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ടെന്ന് ബന്ധുക്കള്‍ ആവര്‍ത്തിച്ചു. എന്നാല്‍ മരണം കാരണം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷമേ വ്യക്തമാവൂ എന്നാണ് പോലീസ് നിലപാട്. സംഘര്‍ഷം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന സംബാല്‍ എംപിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയ ഉര്‍ റഹ്മാനെതിരെ ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. പ്രാദേശിക എംഎല്‍എയുടെ മകനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 20 പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമം ചുമത്താനാണ് തീരുമാനം.

അതേസമയം, മറുഭാഗത്തിന്റെ വാദം കേള്‍ക്കാതെയുള്ള നടപടികളിലൂടെ മനപ്പൂര്‍വം സ്ഥിതി വഷളാക്കിയത് സര്‍ക്കാറാണെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. മുസ്ലീം ലീഗും ആശങ്ക അറിയിച്ചു. സുപ്രീം കോടതി വിഷയത്തില്‍ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവര്‍ത്തിച്ചു. സംഘര്‍ഷമുണ്ടായ ഷാഹി ജമാ മസ്ജിദ് പരിസരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഈമാസം 30 വരെ അനുമതിയില്ലാതെ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *