#news #Top Four

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലുണ്ടായ തീപിടിത്തം: ശരി തെറ്റുകള്‍ അന്വേഷിക്കണമെന്ന് മേയര്‍ ബീന ഫിലിപ്പ്

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. സംഭവത്തിലെ ശരി തെറ്റുകള്‍ അന്വേഷിക്കണമെന്നും വിദഗ്ധമായ പരിശോശന നടത്തിയാല്‍ മാത്രമേ തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമാവുകയുള്ളൂ എന്നും മേയര്‍ പ്രതികരിച്ചു. ഇന്നലെയാണ് കോഴിക്കോട് വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം ഉണ്ടായത്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് എല്ലാ കെട്ടിടത്തിലും ഫയര്‍ ഓഡിറ്റിങ് നടത്തുമെന്നും ഇന്ന് അടിയന്തര കോര്‍പറേഷന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം പരിശോധിക്കും എന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകണം എന്നും മേയര്‍ പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

തീപിടിത്തതിന്റെ കാരണം അറിയാന്‍ ഫയര്‍ഫോഴ്സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോര്‍ട്ട് ഇന്ന് തന്നെ കളക്ടര്‍ക്ക് സമര്‍പ്പിക്കും. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്ന് പുലര്‍ച്ചെയോടെ തീ പൂര്‍ണമായി അണച്ചത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കെട്ടിട പരിപാലന ചട്ടം അടക്കം പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. കോഴിക്കോട് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. വ്യാപാര സമുച്ചയം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നഗരമെങ്ങും കറുത്ത പുക പടര്‍ന്നു. തീപടര്‍ന്ന ഉടനെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴുപ്പിച്ചതിനാല്‍ ആളപായമില്ല. ഈയടുത്തകാലത്തൊന്നും ഇത്രയും വലിയ അഗ്‌നിബാധയ്ക്ക് കോഴിക്കോട് നഗരം സാക്ഷിയായിട്ടില്ല. നിരവധി വ്യാപാരികളുടെ ഉപജീവനമാര്‍ഗമാണ് കത്തി ചാമ്പലായത്.

Leave a comment

Your email address will not be published. Required fields are marked *