December 21, 2024
#kerala #Sports #Top News

ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം ഈ സീസണില്‍ പുറത്ത്

കഴിഞ്ഞ ചില സീസണുകളിലെന്നപോലെ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരിക്ക് വീണ്ടും വില്ലനാവുകയാണ്. ഇത്തവണ ഐഎസ്എല്ലില്‍ തകര്‍പ്പന്‍ തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിലെ വന്‍മതിലായ ഐബന്‍ ഡോഹ്ലിങ്ങിനെ ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും. കഴിഞ്ഞദിവസം മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ താരത്തിന് ദീര്‍ഘകാലത്തെ വിശ്രമം ആവശ്യമായിവരുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്‍സ്റ്റഗ്രാമിലൂടെ ഐബന്‍ തന്നെയാണ് സീസണില്‍ കളിക്കില്ലെന്ന് അറിയിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഐബന് പരിക്കേറ്റിരുന്നു. ഇത് ടീമിന്റെ തോല്‍വിക്കിടയാക്കുകയും ചെയ്തു. പുതിയ സീസണിന്റെ ഗംഭീരമായ തുടക്കത്തിനുശേഷം, എതിരാളികളായ മുംബൈ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.

Also Read; ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു

പുതിയ സീസണിലെ ഇത്രയും നിര്‍ണായകമായ സമയത്തുണ്ടായ പരിക്കില്‍ താന്‍ തീര്‍ത്തും തകര്‍ന്നുപോയെന്നും കേരള ബ്ലാസ്റ്റേഴ്സിനായി സീസണില്‍ കളിക്കാന്‍ കഴിയില്ലെന്നും താരം അറിയിച്ചു. ടീമിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച താരം ബ്ലാസ്റ്റേഴ്‌സിനുള്ള പിന്തുണ അറിയിക്കുകയും ചെയ്തു.

ഷില്ലോംഗ് ലജോംഗ് എഫ്സിയിലെ ശ്രദ്ധേയമായ പ്രകടനമാണ് ഐബനെ ഐഎസ്എല്ലില്‍ എത്തിക്കുന്നത്. എഫ്സി ഗോവയ്ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചശേഷം സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഐബന്‍ കേരള ബ്ലാസ്റ്റേഴ്സുമായി മൂന്നുവര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇക്കുറി സീസണിന്റെ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഐബനെ ഫീല്‍ഡിലിറക്കിയിരുന്നു. പരിചയസമ്പന്നനായ ഒരു പ്രൊഫഷണല്‍ എന്ന നിലയിലും ലീഗിലെ പരിചയസമ്പന്നന്‍ എന്ന നിലയിലും ഐബന്‍ ബ്ലാസ്റ്റേഴ്‌സിന് കരുത്താകുമെന്നായിരുന്നു പ്രതീക്ഷ. ബെംഗളൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിനായി ഈ ഡിഫന്‍ഡര്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളിലും പ്രതിരോധം കാക്കാനായി ഐബന്‍ ഇറങ്ങി. സീസണ്‍ മുഴുവന്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനത്തിന് പിന്നാലെയാണ് പരിക്കേറ്റത്.

പരിക്ക് ഈ സീസണില്‍ വീണ്ടും തിരിച്ചടിയാകുമോയെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശങ്കയുണ്ട്. കാരണം, ഇത്തവണ പരിക്ക് മൂലം ടീമില്‍ നിന്നും പുറത്താവുന്ന രണ്ടാമത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ് ഐബന്‍ ഡോഹ്ലിങ്. നേരത്തെ ടീമിന്റെ ഓസ്‌ട്രേലിയന്‍ താരമായിരുന്ന ജോഷ്വ സൊറ്റിരിയോയും പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു.

കൊച്ചിയില്‍ ഒക്ടോബര്‍ 21നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഈ മത്സരത്തില്‍ തിരിച്ചുവരാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് പ്രതിരോധത്തിലെ വിള്ളല്‍ വില്ലനായേക്കും. മോണ്ടിനെഗ്രൊക്കാരനായ സെന്റര്‍ ഡിഫന്‍ഡര്‍ മിലോസ് ഡ്രിന്‍സിച്ച് മുംബൈയ്‌ക്കെതിരെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു. മാര്‍ക്കൊ ലെസ്‌കോവിച്ചോ റൂയിവ ഹോര്‍മിപാമോ ആയിരിക്കും ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കാനിറങ്ങുക.

Join with metro post :മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *