എട്ടാമതും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി
എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസി. എർലിംഗ് ഹാലൻഡിനേയും കിലിയൻ എംബാപ്പെയേയും പിന്തള്ളിയാണ് നേട്ടം. 2021 ലാണ് ഇന്റർ മിയാമിയുടെ മെസി അവസാനമായി പുരസ്കാരം നേടിയത്.
ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൺ ദ് ഓർ പുരസ്കാരത്തിന് അർഹനായത്. അഞ്ച് ബാലൺ ദ് ഓർ പുരസ്കാരം നേടിയിട്ടുള്ള പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്തുള്ളത്.
സ്പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് വനിത ബലോൺ ദ് ഓർ നേടിയത്. മികച്ച സ്ട്രൈക്കർക്കുള്ള ഗർഡ് മുള്ളർ ട്രോഫി എർലിംഗ് ഹാളണ്ട് സ്വന്തമാക്കി. മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി അർൻ്റീന കീപ്പർ എമിലിയാനോ മാർട്ടിനസിനാണ്.
Also Read; ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
21 വയസ്സിനു താഴെയുള്ള മികച്ച താരത്തിന് ലഭിക്കുന്ന കോപ്പ ട്രോഫി ഇംഗ്ലണ്ടിന്റെയും റയൽ മാഡ്രിഡിന്റെയും താരമായ ജൂഡ് ബെല്ലിങ്ങാം സ്വന്തമാക്കി. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും വനിതാ ടീമിനുള്ള പുരസ്കാരം ബാഴ്സലോണയും സ്വന്തമാക്കി.