ഗള്‍ഫില്‍ 79.3 ലക്ഷം ഇന്ത്യക്കാര്‍, കണക്കുകള്‍ പുറത്ത്

ഗള്‍ഫില്‍ പോകുന്നവര്‍ക്ക് ഇപ്പോള്‍ വലിയ ടെന്‍ഷനില്ല. സ്വന്തം ഭാഷ ഇനി എങ്ങനെ പറയും, നാട്ടിലെ ഫുഡ് എങ്ങനെ കഴിക്കും ഇതൊക്കെയായിരുന്നു അവരുടെ ടെന്‍ഷനില്‍ ചിലത്. എന്നാല്‍ ഇന്നതില്ല കാരണം എവിടെ നോക്കിയാലും ഒരു ഇന്ത്യക്കാരനെക്കാണാം, ഇന്ത്യന്‍ ഫുഡ് കോര്‍ട്ടുകള്‍ കാണാം. അങ്ങനെ നമ്മുടെ നാടല്ലെന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. ഇപ്പോള്‍ വരുന്ന കണക്കുകള്‍ പ്രകാരം യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലായി നിലവില്‍ 79.3 ലക്ഷം ഇന്ത്യക്കാരാണുള്ളത്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈന്‍ കൂടി ചേരുമ്പോള്‍ ജിസിസി രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 82 ലക്ഷത്തിലേറെ വരുമെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ബഹ്റൈനില്‍ മാത്രമായി മൂന്നര ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
യുഎഇയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. ഇപ്പോള്‍ ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നിട്ടുമുണ്ട്. 2022 ല്‍ യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 34 ലക്ഷത്തി 19 നായിരം ആയിരുന്നു. ഈ വര്‍ഷം 1.3 ലക്ഷം പേര്‍ കൂടി എത്തിയതോടെ യുഎഇയില്‍ ആകെ ഇന്ത്യക്കാരുടെ എണ്ണം 35 ലക്ഷത്തി 54 ആയിരം ആയി ഉയര്‍ന്നു. ഒമാനിലെ ഇന്ത്യക്കാരുടെ ജനസംഖ്യ ഒമ്പത് ലക്ഷമാണ്. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുമിത്.
കൂടാതെ പുറം രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് യുഎഇ. അവിടെ ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനായി ദുബൈ, റിയാദ്, ജിദ്ദ, ക്വാലാലംപുര്‍ എന്നിവിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ ഇന്ത്യന്‍ സഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.
അതേസമയം രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരായ പ്രൊഫഷണലുകളുടെ പലായനം 1.4 ശതകോടി സാമ്പത്തിക ശക്തിയുള്ള രാജ്യത്തിന്റെ വികസനത്തെ മന്ദഗതിയിലാക്കുന്ന ഒരു മസ്തിഷ്‌ക ചോര്‍ച്ചയ്ക്ക് തുല്യമാണോ എന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.