December 21, 2024
#Politics

ഗണേഷിന് തുണയായി എന്‍എസ്എസ് ബന്ധം

എന്‍എസ്എസിന്റെ പിന്‍ബലം ഗണേഷ് കുമാറിന് തുണയായി യു.ഡി. എഫിലേക്ക് ചേക്കേറാന്‍ നടത്തിയ ശ്രമങ്ങളും. മന്ത്രി റിയാസിനെതിരെ നടത്തിയ പരാമര്‍ശങ്ങളുമൊക്കെ ഗണേഷിനെ ഇടതുപക്ഷത്തിന് അനഭിതനാക്കിയിരുന്നു. സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ പ്രവേശനത്തിന് തടയിടാനുള്ള നീക്കവും സമാന്തരമായി നടക്കുന്നുണ്ടായിരുന്നു. മന്ത്രിസഭാ പുനസംഘടനയില്‍ ഗണേഷിനെ പരിഗണിക്കരുതെന്ന ആവശ്യവുമായി എസ്എന്‍ഡിപി നേതാവ് വെള്ളാപ്പളളി നടേശന്‍ രംഗത്തെത്തുകയും ചെയ്തു. ഈസന്ദര്‍ഭത്തിലാണ് ഗണേഷിന് വേണ്ടി സമ്മര്‍ദ്ദ തന്ത്രവുമായി എന്‍എസ്എസ് നേതൃത്വം ഇടതുമുന്നണിയില്‍ പിടിമുറുക്കിയത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലടക്കം എന്‍എസ്എസിന്റെ പരോക്ഷ പിന്തുണയെങ്കിലും ഇടതുപക്ഷത്തിന് ലഭിക്കേണ്ടതുണ്ട്. അതു കൊണ്ടാണ് എത്ര കര്‍ക്കശമായി പെരുമാറിയാലും എന്‍എസ്എസിനെ പിണക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകാത്തത്. മിത്ത് വിവാദവും, വിശ്വാസ സംരംക്ഷണവുമെല്ലാം തെരുവുകളില്‍ ചര്‍ച്ചകളാക്കിയെങ്കിലും അധികം വൈകാതെ സമരമുഖങ്ങളില്‍ നിന്ന് എന്‍എസ്എസ് മാറിനിന്നു. സി.പി.എമ്മിന് അനുകൂലമായ ആ വിധം രാഷ്ടീയ നീക്കങ്ങള്‍ ക്ക് ചുക്കാന്‍ പിടിച്ചത് ഗണേഷായിരുന്നു. അത് കൊണ്ട് തന്നെ എന്‍എസ്എസിന്റെ നിര്‍ദ്ദേശം സിപിഎമ്മിന് തള്ളിക്കളയാനുമാവില്ല.

കുടുംബ സ്വത്ത് സംബന്ധിച്ച് സഹോദരിയുമായുള്ള തര്‍ക്കങ്ങളാണ് തുടക്കത്തില്‍ ഗണേഷിന്റെ ‘മന്ത്രിസഭാ പ്രവേശനത്തിന് ‘തടസ്സമായത്. എന്നാല്‍ സ്വത്ത് സംബന്ധിച്ച തര്‍ക്കം നിയമപരമായി തുടരുന്നതിനാല്‍ ഗണേഷിന് ക്ലീന്‍ചിറ്റ് കൊടുക്കാമെന്നാണ് സിപിഎം കരുതുന്നത്. സോളാര്‍ കേസിലെ പരാമര്‍ശങ്ങളേയും ആ വിധത്തില്‍ നിയമ വിഷയങ്ങള്‍ മാത്രമായാണ് ഇടതുമുന്നണി ഇപ്പോള്‍ വീക്ഷിക്കുന്നത്.

ഇടതുമുന്നണി തീരുമാനമനുസരിച്ച് നിലവിലുളള മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും സ്ഥാനമൊഴിയും. പകരം ഗണേഷും കടന്നപ്പള്ളി രാമചന്ദ്രനും മുന്‍ധാരണ പ്രകാരം മന്ത്രിമാരാകും. അതേസമയം മന്ത്രിസഭയില്‍ അഴിച്ച് പണി നടത്തി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള രഹസ്യ ചര്‍ച്ചകളും ഇടതുമുന്നണിക്കുള്ളില്‍ സജീവമായി നടക്കുന്നുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ജനവികാരമെന്തെന്ന് അവര്‍ക്ക് ഏറെക്കുറെ വ്യക്തമായതാണ്. മുഖം മിനുക്കുന്നതോടെ ഭരണ വിരുദ്ധ വികാരത്തെ പടിപടിയായി കുറച്ച് കൊണ്ട് വരാമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. ശ്രേയാംസ് കുമാറിന്റെ പാര്‍ട്ടിയായ എല്‍ജെഡിയും മന്ത്രിക്കസേരക്കായി അണിയറ നീക്കങ്ങര്‍ ആരംഭിച്ചിട്ടുണ്ട്.

എഎന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റി മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഏകദേശം തീര്‍ച്ചയായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സ്പീക്കറായി പരിഗണിക്കാനുളള നീക്കവും നടക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ മന്ത്രിസഭയില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച മുതിര്‍ന്ന സിപിഎം നേതാക്കളെ ഇത്തവണയും പരിഗണിക്കാനുളള നീക്കം ഇല്ലെന്ന് തന്നെയാണ് വ്യക്തമാകുന്ന സൂചനകള്‍.

Leave a comment

Your email address will not be published. Required fields are marked *