പഴകിയ ഭക്ഷണം പിടിച്ചെടുത്തു; തൃശ്ശൂരില്‍ 10 ഹോട്ടലുകള്‍ക്കെതിരെ നടപടി

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഒരാള്‍ മരിച്ചതിന് പിന്നാലെ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 10 ഹോട്ടലുകള്‍ക്ക് പൂട്ട് വീണു. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തതോടെയാണ് നടപടി. ഹോട്ടല്‍ റോയല്‍ , പാര്‍ക്ക്, കുക്ക് ഡോര്‍, ഹോട്ടല്‍ ചുരുട്ടി, വിഘ്‌നേശ്വര ഹോട്ടല്‍ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് പിന്നാലെ ഹോട്ടലുകളിലെ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും കര്‍ശനമാക്കുമെന്ന് മേയര്‍ എം കെ വര്‍ഗീസ് അറിയിച്ചു.
MORE NEWS : അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത
മെയ് 25 ന് പെരിഞ്ഞനത്തെ സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച ഒരാള്‍ മരിച്ചതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 218 പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത്.
കുഴിമന്തിക്കൊപ്പം ഉപയോഗിച്ച മയണൈസ് ആണോ അപകടത്തിന് കാരണമായതെന്ന് ആരോഗ്യവകുപ്പിന് സംശയമുണ്ട്. മുട്ട ചേര്‍ത്ത മയണൈസ് ആണ് ഇവിടെ ഉണ്ടാക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. 2023 ജനുവരിയില്‍ ആരോ?ഗ്യവകുപ്പ് മുട്ട ചേര്‍ത്ത മയണൈസ് നിരോധിച്ചിരുന്നു.