#kerala #Top Four

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോല്‍വി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം. തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തുടങ്ങുന്ന ദേശിയ നേതൃയോഗം കഴിഞ്ഞാല്‍ ജൂണ്‍ പത്തിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേരുന്നുണ്ട്.

Also Read ;സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായിയെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു – കെ സുധാകരന്‍

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒരടി പോലും മുന്നോട്ട് പോകാനായില്ല എന്നതാണ് ഇത്തവണത്തെ തോല്‍വി സിപിഐഎമ്മിന് നല്‍കിയിരിക്കുന്ന തിരിച്ചടി. ഒപ്പം കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതും വലിയ ആഘാതമായി. തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊളളുകയും തോല്‍വിയിലേക്ക് നയിച്ച കാരണങ്ങള്‍ വിലയിരുത്തുകയും ചെയ്യുക അനിവാര്യമാണ്. ഇതിന് വേണ്ടിയാണ് അഞ്ച് ദിവസം നീളുന്ന സംസ്ഥാന നേതൃ യോഗങ്ങള്‍ വിളിച്ചിരിക്കുന്നത്.

ഈമാസം 16നും 17നും സംസ്ഥാന സെക്രട്ടേറിയേറ്റും 18,19,20 തീയതികളില്‍ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക. ജില്ലകളില്‍ നിന്നുളള വോട്ട് കണക്കുകളും റിപ്പോര്‍ട്ടും വിലയിരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ് അവലോകന റിപ്പോര്‍ട്ട് തയാറാക്കും. ഇത് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച് വിശദമായി ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ തിരുത്തേണ്ടത് ഉണ്ടെങ്കില്‍ തിരുത്തുമെന്നും സ്ഥാനാര്‍ത്ഥിനിര്‍ണയം പ്രചരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി സിപിഐ ദേശീയ നേതൃയോഗവും ഇന്ന് തുടങ്ങും. ഇന്ന് ദേശീയ സെക്രട്ടേറിയേറ്റും നാളെയും മറ്റന്നാളും ദേശീയ എക്‌സിക്യൂട്ടീവും ചേരും. ഈമാസം 10ന് ചേരുന്ന സംസ്ഥാന എക്‌സീക്യൂട്ടിവ് കേരളത്തിലെ ഫലം വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് മത്സരിച്ച നാല് സീറ്റിലും സിപിഐ തോറ്റുപോയി. കഴിഞ്ഞ തവണയും സംസ്ഥാനത്ത് സിപിഐ സംപൂജ്യരായിരുന്നു. തമിഴ്‌നാട് നിന്നുളള രണ്ട് സീറ്റ് മാത്രമാണ് സിപിഐയുടെ മാനം കാത്തത്. നാല് സീറ്റും തോറ്റ സാഹചര്യത്തില്‍ സര്‍ക്കാരില്‍ തിരുത്തല്‍ ആവശ്യപ്പെടണമെന്ന ആവശ്യം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഉയരും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനത്തിനും സാധ്യതയുണ്ട്.

Join with metro ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *