ലോകകപ്പുമായി രോഹിത്തും പിള്ളേരും ജന്മനാട്ടില്‍ ; ചാമ്പ്യന്മാരെ വരവേറ്റ് ആരാധകര്‍
ഡല്‍ഹി: ട്വന്റി20 ലോകകപ്പ് ജേതാക്കള്‍ക്ക് ജന്മനാട്ടില്‍ വമ്പന്‍ സ്വീകരണം കൊടുത്ത് ആരാധകര്‍. പുലര്‍ച്ചെ 6.40 ഓടെയാണ് താരങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിന് പുറത്തിറങ്ങിത്തുടങ്ങിയത്. ബാര്‍ബഡോസില്‍ നിന്നും തിരിച്ചെത്തിയ രോഹിത്തിനും സംഘത്തിനും ആവേശ്വോജ്ജ്വല വരവേല്‍പ്പാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തില്‍ ആരാധകര്‍ നല്‍കിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനിന്നിരുന്നത്. ആരാധകരെ ആവേശത്തിലാക്കി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലിയാണ് വിമാനത്താവളത്തിന് പുറത്ത് ആദ്യമെത്തിയത്. പിന്നാലെ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ബൗളിങ് കോച്ചിങ് സ്റ്റാഫുകള്‍ക്കൊപ്പമെത്തി.
തുടര്‍ന്ന് ഫൈനലില്‍ നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുത്ത സൂര്യകുമാര്‍ യാദവും ,ഹാര്‍ദ്ദിക് പാണ്ഡ്യയും ,ജസ്പ്രീത് ബുംറയും എത്തി. പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്തിറങ്ങി. ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകിരീടവുമായി പുറത്തെത്തിയത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് പ്രത്യേക വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തി. ഡല്‍ഹിയിലും മുംബൈയിലുമായി ഗംഭീരമായ ആഘോഷപരിപാടികളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്.
രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ എത്തിച്ചേരും. പിന്നാലെ മുംബൈയിലേക്ക് താരങ്ങള്‍ പോകും. വൈകീട്ട് അഞ്ച് മണി മുതലാണ് ലോകചാമ്പ്യന്മാരുടെ ആഘോഷപരിപാടികള്‍. മുംബൈയിലെ മറൈന്‍ ഡ്രൈവ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യന്‍ ടീമിന്റെ റോഡ്‌ഷോ നടത്താനാണ് പദ്ധതി. ആരാധകര്‍ക്ക് റോഡ്‌ഷോ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.