ആഫ്രിക്കന്‍ പന്നിപ്പനി ; തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ 310 പന്നികളെ കൊന്നൊടുക്കും

തൃശൂര്‍ : തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ കൊന്നൊടുക്കാന്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ഡോക്ടര്‍മാര്‍,ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ ,അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിനാണ് നടപടിയുടെ ചുമതല. തുടര്‍ന്ന് അണുനശീകരണ നടപടികളും ഇവര്‍ കൈകൊള്ളും. മാടക്കത്തറ പതിനാലാം നമ്പര്‍ വാര്‍ഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗ ബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റുമുള്ള പ്രദേശത്തെ രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read ; പ്ലസ് വണ്‍ : ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് 8ന്
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും, ഇത്തരം കടകളുടെ പ്രവര്‍ത്തനത്തിനും, പന്നികള്‍ അവയുടെ തീറ്റ എന്നിവ ജില്ലയിലേക്ക് കൊണ്ടുവരുന്നതും ജില്ലയില്‍ നിന്നും കൊണ്ടുപോകുന്നതും നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച പന്നിഫാമുകളില്‍ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മറ്റ് ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും.കൂടാതെ ജില്ലയില്‍ നിന്ന് അനധികൃതമായി പുറത്തേക്ക് മാംസവും പന്നികളെയും കടത്തുന്നുണ്ടോയെന്ന് പോലീസിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കാന്‍ മൃഗസംരക്ഷണ ഓഫീസര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്കും ചുമതല നല്‍കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മാടക്കത്തറ പഞ്ചായത്തിന് പുറമെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും മുന്‍കരുതലുകള്‍ സ്വീകരിക്കും.മറ്റ് പ്രദേശങ്ങളില്‍ പന്നിപനി സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നഗരസഭ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ , വില്ലേജ് ഓഫീസര്‍മാര്‍, റൂറല്‍ ഡെയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസര്‍മാരെ അറിയിക്കണമെന്നും ഉടനെ വൈറസ് ബാധ തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതുമാണ്.
തൃശൂര്‍ കോര്‍പറേഷന്‍,വടക്കാഞ്ചേരി നഗരസഭ,തെക്കുംകര, പാണഞ്ചേരി,പുത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയാണ് നിരീക്ഷണത്തില്‍ ഉള്‍പ്പെടുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങള്‍.