ഡല്‍ഹിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി അപകടം; മരണം മൂന്നായി, കൂട്ടത്തില്‍ ഒരു മലയാളിയും

ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേരുടെ കൂട്ടത്തില്‍ ഒരു മലയാളി കൂടി. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. നവീന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ കസ്റ്റഡിയിലും എടുത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സംഭവത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. സര്‍ക്കാരിനും മുനിസിപ്പല്‍ കോര്‍പറേഷനുമെതിരെ നിശിത വിമര്‍ശനം ഉന്നയിച്ച സ്വാതി മലിവാള്‍ എംപിയും സ്ഥലത്തെത്തി. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. സ്ഥാപനത്തിന്റെ ലൈബ്രറിയാണ് ബേസ്‌മെന്റിലുണ്ടിയിരുന്നത്. ലൈബ്രറിയില്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. വെള്ളം കയറുമ്പോള്‍ 30 വിദ്യാര്‍ത്ഥികളാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഫയര്‍ഫോഴ്‌സില്‍ വിളിച്ച് വിവരമറിയിച്ചത്.
ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തി. വെള്ളം പൂര്‍ണ്ണമായും വറ്റിക്കാന്‍ സമയമെടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മര്‍ലേന നിര്‍ദേശം നല്‍കി. എന്നാല്‍ പ്രതിഷേധിച്ച് ആം ആദ്മി സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച് ദേവ പറഞ്ഞു. ഓടകള്‍ ശുചീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വീരേന്ദ്ര സച്ച് ദേവ കുറ്റപ്പെടുത്തി.