മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ഇത് രണ്ടാം തവണ; ആദ്യത്തേത് 40 വര്‍ഷം മുമ്പ്

മേപ്പാടി: ഒരു രാത്രി പുലര്‍ന്നപ്പോള്‍ ഉരുള്‍ പൊട്ടിയെത്തിയ പാറക്കൂട്ടവും ചെളിമണ്ണും ഒരു ഗ്രാമത്തെയൊന്നാകെ ഇല്ലാതാക്കിയിരിക്കുന്നു. അനേകം ജീവനുകളെ കവര്‍ന്നെടുത്തിരിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 167 പേര്‍ മരിച്ചെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഒരുപാട് പേരെ ഇനിയും കിട്ടാനുണ്ട്. അവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Also Read; മുണ്ടക്കൈയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍; നിര്‍മിക്കുന്നത് 85 അടി നീളമുള്ള ബെയ്‌ലി പാലം
ഇതാദ്യമായല്ല മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാന്നത്. 40 വര്‍ഷം മുമ്പും ഇതുപോലൊരു ദുരന്തം മുണ്ടക്കൈയില്‍ സംഭവിച്ചിരുന്നു. 1984 ജൂലായ് രണ്ടിനായിരുന്നു ആ ഉരുള്‍പൊട്ടല്‍. അന്ന് ആര്‍ത്തിരമ്പിയെത്തിയ മലവെള്ളപ്പാച്ചില്‍ 14 ജീവനുകളാണ് നഷ്ടമായത്. ഉച്ചയ്ക്ക് രണ്ടരയോടെ പാഞ്ഞെത്തിയ ഉരുള്‍ പൊട്ടലില്‍ 80 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കരിമറ്റം എസ്റ്റേറ്റിലെ തൊഴിലാളികളും പ്രദേശവാസികളുമാണ് അന്ന് ദുരന്തത്തില്‍ പെട്ടത്. നാടിനെ നടുക്കിയ ദുരന്തം പുറംലോകമറിഞ്ഞത് അടുത്ത ദിവസം മാത്രമാണ്. വളരെക്കുറച്ചുസമയത്ത് പെയ്ത കൂടിയ അളവിലുള്ള മഴയാണ് അന്നും ഉരുളിന് മുന്നേ മുണ്ടക്കൈയെ പൊതിഞ്ഞത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇക്കുറി ദുരന്തത്തിന്റെ ആഘാതം ഏറെ വലുതായി. ഇരുനൂറോളം വീടുകള്‍ നാമാവശേഷമായി. മുണ്ടക്കൈയില്‍ ഇനി അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.