മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും ; വിദ്യാര്‍ത്ഥി നേതാക്കളുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍
ധാക്ക: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നാലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍. നിര്‍ണായകമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
യൂനസിന്റെ നേതൃത്വത്തില്‍ ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഇടക്കാല സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ 10-14 പ്രമുഖരുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടിക നല്‍കിയതായും വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിനുള്ള പ്രവര്‍ത്തനം നടത്തിയതിന് 2006 ല്‍ 83 കാരനായ മുഹമ്മദ് യൂനുസിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.അതേസമയം രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണം. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പ്രതികരിച്ചു.
രാജ്യത്തിനും ജനങ്ങള്‍ക്കും ആവശ്യമായ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാണ്. മാറ്റത്തിന് വേണ്ടിയാണ് യുവാക്കള്‍ ശബ്ദമുയര്‍ത്തിയത്. രാജ്യം വിട്ടതിലൂടെ പ്രധാനമന്ത്രി ആ ശബ്ദം കേട്ടു. ഇത് പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണ്. അതിരുകളില്ലാത്തതാണ് യുവാക്കളുടെ ധൈര്യം. അനീതിക്കെതിരായ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യം ലോകത്തിന് അവര്‍ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് താല്‍പര്യമെന്നും സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ സര്‍ക്കാരിനെ നയിക്കാന്‍ തയ്യാറാണെന്നും ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ യൂനുസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു മുഹമ്മദ് യൂനുസ്. യൂനുസിനെതിരെ ഹസീന സര്‍ക്കാര്‍ 190-ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.