January 22, 2025
#kerala #Top Four

സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും, പ്രേമത്തിലെ നീര്‍പാലം ജലസേചന വകുപ്പ് അടച്ചു

ആലുവ: കമിതാക്കളുടേയും സാമൂഹ്യ വിരുദ്ധരുടേയും മയക്കുമരുന്ന് മാഫിയയുടേയും ശല്യം ഏറിവരുന്നെന്ന് പരാതിയെ തുടര്‍ന്ന് പ്രേമം സിനിമയിലൂടെ പ്രശസ്തമായ പ്രേമം പാലം അടച്ചു. പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ നീര്‍പാലമായ ഇതിലൂടെയുള്ള സഞ്ചാരം പെരിയാര്‍വാലി അധികൃതരാണ് തടഞ്ഞത്. കൂടാതെ പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു. പാലത്തിനോടു ചേര്‍ന്നുള്ള സമീപവാസികളാണ് ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഏറിവരുന്നതായി പറഞ്ഞതോടെയാണ് പാലം അടച്ചത്.

Also Read ; ഗൂഗിള്‍ മാപ്പ് നോക്കി പോയി കാര്‍ തോട്ടിലേക്ക് മറിഞ്ഞുവീണു ; മൂന്ന് പേര്‍ക്ക് പരിക്ക്

കമിതാക്കളുടെയും മയക്കുമരുന്ന് മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വര്‍ധിക്കുന്നുവെന്നും പാലം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരളസദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ആലുവ മാര്‍ക്കറ്റിന് പിറകുവശത്ത് നിന്ന് പെരിയാറിന് മുകളിലൂടെയാണ് പാലം തുടങ്ങുന്നത്. പുഴകഴിഞ്ഞും കുഞ്ഞുണ്ണിക്കര, തോട്ടക്കാട്ടുകര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന നീര്‍പാലം താഴ്ഭാഗത്തെ കനാലില്‍ എത്തും. 50 വര്‍ഷം മുന്‍പ് പറവൂര്‍, ആലങ്ങാട് മേഖലകളിലേക്ക് പെരിയാര്‍ വാലി കനാലില്‍ നിന്ന് കൃഷിക്ക് വെള്ളം കൊണ്ടുപോകാന്‍ വേണ്ടിയാണ് നീര്‍പാലം നിര്‍മിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പിന്നീട് ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര ദ്വീപിലെ വാഹന സൗകര്യത്തിനു വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി ഇതിലേ വാഹന സൗകര്യം ആരംഭിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഉളിയന്നൂരില്‍ പുതിയ പാലം നിര്‍മിച്ചതോടെ ഇതുവഴിയുള്ള സഞ്ചാരം കുറഞ്ഞിരുന്നു. എന്നാല്‍ അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി 2015-ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ സിനിമയില്‍ ഈ പാലം പശ്ചാത്തലമായതോടെ വീണ്ടും പാലം ജലങ്ങളുടെ ശ്രദ്ധ പിടിച്ചുപ്പറ്റി.

 

Leave a comment

Your email address will not be published. Required fields are marked *