#Tech news #Top Four

സെന്‍സര്‍ തകരാറിലായാല്‍ വന്ദേഭാരത് അനങ്ങില്ല; ട്രെയിനിലുള്ളത് വിമാനങ്ങളിലുള്ളതുപോലെ അതിസുരക്ഷാ സംവിധാനം

കോട്ടയം: വന്ദേഭാരത് ട്രെയിന്‍ സാങ്കേതിക പ്രശ്‌നം കാരണം ഷൊര്‍ണൂരില്‍ കുടുങ്ങിയത് സെന്‍സറിലെ തകരാര്‍ കാരണമാകാമെന്ന് വിദഗ്ധര്‍. സെന്‍സറില്‍ തകരാര്‍ കാണിച്ചാല്‍ ട്രെയിനിന്റെ ബ്രേക്ക് സിസ്റ്റം ഓട്ടമാറ്റിക് ആയി ലോക്ക് ആകുമെന്നും പിന്നീട് ട്രെയിന്‍ മുന്നോട്ട് എടുക്കാന്‍ സാധിക്കില്ലെന്നും ട്രെയിന്‍ നിര്‍മിച്ച ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) ഡിസൈനിങ് വിദഗ്ധര്‍ അറിയിച്ചു. ഈ തകരാറും പരിഹരിക്കാനാകാതെ വന്നതോടെയാണ് മറ്റൊരു ഇലക്ട്രിക് എന്‍ജിന്‍ കൊണ്ടുവന്ന് വന്ദേഭാരത് ട്രെയിനുമായി ബന്ധിപ്പിച്ച് യാത്ര തുടരേണ്ടി വന്നതെന്നാണ് വിദഗ്ധാഭിപ്രായം.

Also Read; സാങ്കേതിക തകരാര്‍ ; വന്ദേഭാരത് വഴിയില്‍ കിടന്നത് 3 മണിക്കൂര്‍ , പിന്നീട് സ്റ്റേഷനിലെത്തിച്ചു

വന്ദേഭാരത് ട്രെയിനുകളില്‍ മറ്റു ട്രെയിനുകളില്‍നിന്ന് വ്യത്യസ്തമായി ഇലക്ട്രോണിക് സംവിധാനങ്ങള്‍ കൂടുതലാണ്. ഇതെല്ലാം കൃത്യമായി നിരീക്ഷിക്കാന്‍ ട്രെയിനിനകത്ത് തന്നെ സംവിധാനവപം ഒരുക്കിയിട്ടുണ്ട്. ലോക്കോ പൈലറ്റ് ഇരിക്കുന്നതിന് പിന്നിലായുള്ള ട്രെയിന്‍ ക്യാപ്റ്റന്റെ കാബിനിലാണ് ഇതെല്ലാം നിരീക്ഷിക്കുക. സെന്‍സര്‍ തകരാര്‍ വന്നാല്‍ ആദ്യം സംഭവിക്കുന്നത് ട്രെയിനിന്റെ ട്രാക്ഷന്‍ മോട്ടര്‍ പ്രവര്‍ത്തിക്കില്ല എന്നതാണ്. ഇതോടെ വന്ദേഭാരത് ഓട്ടം നിര്‍ത്തും. അതിസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണ് ഈ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങളില്‍ ഉള്ളതുപോലെയാണ് ഇത്തരം സംവിധാനങ്ങള്‍ വന്ദേഭാരതില്‍ കൊണ്ടുവന്നതെന്നും ഐസിഎഫിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തുടര്‍ന്ന് വന്ദേഭാരതിലെ ഏതു ഭാഗത്താണ് തകരാര്‍ പറ്റിയതെന്ന് ട്രെയിന്‍ കംപ്ലെയിന്റ് മോണിറ്ററിങ് സിസ്റ്റം വഴി പരിശോധിക്കും. ഇതിനായി ഓരോ വന്ദേഭാരതിലും ടെക്‌നിക്കല്‍ അംഗങ്ങള്‍ ഉണ്ടാകും. ഇതിലൂടെ തകരാര്‍ പരിഹരിക്കാതെ വരുന്ന ഘട്ടത്തിലാണ് വന്ദേഭാരത് ട്രെയിനിനെ മറ്റൊരു ഇലക്ട്രിക് എന്‍ജിനില്‍ ഘടിപ്പിക്കുക. വന്ദേഭാരതിന്റെ ഇരുവശത്തും ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിക്കാനാകും. ഈ ഭാഗത്തുള്ള കവറിങ് ഇളക്കിമാറ്റിയാണ് ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിക്കുക. ഈ ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിക്കുന്നതോടെ സാധാരണ ട്രെയിനുകളിലുള്ളതുപോലെ ന്യുമാറ്റിക് നിയന്ത്രണത്തിലേക്ക് വന്ദേഭാരത് മാറും. ട്രെയിനിലെ ഓരോ യൂണിറ്റിനെയും ന്യൂമാറ്റിക് മോഡിലേക്ക് മാറ്റാനുള്ള സംവിധാനം വന്ദേഭാരതിലുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം ഷൊര്‍ണൂരില്‍ കുടുങ്ങിയ വന്ദേഭാരതിലെ യാത്രക്കാര്‍ക്ക് വാതില്‍ തുറക്കാന്‍ സാധിച്ചില്ല എന്ന വാദം തെറ്റാണെന്നും വിദഗ്ദര്‍ പറയുന്നു. എന്‍ജിന്‍ ഓഫായാലും വൈദ്യുതി നിലച്ചാലും വന്ദേഭാരതിലെ വാതിലുകള്‍ തുറക്കാനാകും. യാത്രക്കാര്‍ക്ക് അകത്തുനിന്നു തന്നെ എമര്‍ജന്‍സി സ്വിച്ച് വഴി വാതില്‍ തുറക്കാം. കൂടാതെ, ട്രെയിന് പുറത്തുനിന്ന് സാങ്കേതിക വിദഗ്ധര്‍ക്കും ഇതു തുറക്കാം. ഇതിനായി പ്രത്യേക സംവിധാനം ഓരോ കോച്ചിനടിയിലും ഉണ്ട്. മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്, റെയില്‍വേ ജീവനക്കാര്‍ക്കു മാത്രമറിയാവുന്ന തരത്തില്‍ ഇത്തരം രഹസ്യ സംവിധാനം ഒരുക്കിയിരിക്കുന്നത്. വന്ദേഭാരത് ട്രെയിന്‍ എന്തുകൊണ്ടാണ് വഴിയില്‍ നിന്നുപോയത് എന്നതിന് റെയില്‍വേയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉത്തരം അടുത്ത ദിവസങ്ങളില്‍ വരുമെന്നാണ് കരുതുന്നത്.

Leave a comment

Your email address will not be published. Required fields are marked *