വഴിതടഞ്ഞുള്ള സിപിഎം സമ്മേളനം ; പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
തിരുവനന്തപുരം : വഞ്ചിയൂരില്‍ റോഡടച്ച് സിപിഎം സമ്മേളനം നടത്തിയതില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. സംഭവത്തില്‍ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് കോടതി ചോദിച്ചു. പാതയോരങ്ങളില്‍പ്പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരില്‍ പ്രധാനവഴി പൂര്‍ണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ സമ്മേളനം നടന്നത്.
Also Read ; പാലക്കാട് ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
മരട് സ്വദേശിയായ പ്രകാശന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഡി.ജി.പി എന്നിവരെ എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. പൊതുനിരത്ത് കയ്യേറി സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെന്തൊക്കെയാണെന്ന് ഇനി കേസ് പരിഗണിക്കുമ്പോള്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വഞ്ചിയൂരിലെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു.
കോടതിയലക്ഷ്യത്തിനുള്ള നടപടിയെടുക്കേണ്ട സംഭവമാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അടുത്തദിവസം കേസ് വീണ്ടും പരി?ഗണിക്കും. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് എം.വി ഗോവിന്ദനായിരുന്നു. തുടര്‍ന്ന് കെ.പി.എ.സി.യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകവും സമ്മേളനവേദിയില്‍ അരങ്ങേറിയിരുന്നു. 50-ഓളം പോലീസുകാരെയാണ് രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗതം നിയന്ത്രിക്കാനായി നിയോഗിച്ചിരുന്നത്. വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..