ലോക്കോ പൈലറ്റുമാരുടെ ജോലി ചെയ്തുള്ള പ്രതിഷേധ ‘സമരം’ തുടങ്ങി

കണ്ണൂര്‍: ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചയിലെ അവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ ജോലി ചെയ്തുള്ള പ്രതിഷേധ സമരം തുടങ്ങി. ദക്ഷിണ റെയില്‍വേയില്‍ 4666 ലോക്കോപൈലറ്റുമാരാണ് ജോലി ചെയ്യുന്നത്. കേരളത്തിലെ രണ്ടു ഡിവിഷനുകളിലായി (പാലക്കാട്, തിരുവനന്തപുരം) 1317 ലോക്കോ പൈലറ്റുമാരുണ്ട്.
ഒന്നാം ദിവസം അവധിക്ക് (ഓഫ്) പോയ മുപ്പതോളം പേര്‍ ആഴ്ചയിലെ 46 മണിക്കൂര്‍ വിശ്രമാവധി കഴിഞ്ഞ് അടുത്ത ഡ്യൂട്ടിക്ക് ഹാജരാകാം എന്ന് എഴുതിനല്‍കി. നിലവില്‍ 30 മണിക്കൂറാണ് ആഴ്ചയിലെ അവധി. ഇവര്‍ 30 മണിക്കൂറിനുശേഷം എത്തിയില്ലെങ്കില്‍ ക്രൂ കണ്‍ട്രോളര്‍മാര്‍ മറ്റു ലോക്കോ പൈലറ്റിനെ സജ്ജമാക്കണം. എന്നാല്‍ ‘സമരം’ തുടര്‍ന്നാല്‍ ലോക്കാ പൈലറ്റുമാരുടെ കുറവ് തീവണ്ടി ഗതാഗതത്തെ ബാധിക്കും. കേരളത്തിലെ രണ്ട് ഡിവിഷനുകളിലായി 195 ഒഴിവുകളുണ്ട്.
എഴുതിക്കൊടുത്ത് വിശ്രമത്തില്‍ പോകുന്നവരെ 30 മണിക്കൂര്‍ കഴിഞ്ഞ് ഡ്യൂട്ടിക്ക് ബുക്ക് ചെയ്താല്‍ പ്രശ്‌നമാകുമെന്ന് ലോക്കോ പൈലറ്റുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്രൂ വരില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവരെ ബുക്ക് ചെയ്യുകയും വണ്ടികള്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ സമരത്തിലാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള റെയില്‍വേ നീക്കം വിജയിക്കില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഡ്യൂട്ടിസമയം കഴിഞ്ഞാലുടന്‍ വണ്ടി നിര്‍ത്തി പോകുമെന്ന് ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ സമര മുന്നറിയിപ്പ് നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു.
അധികജോലിസമയം ബഹിഷ്‌കരിച്ചുള്ള ഈ പ്രതിഷേധസമരത്തെ റെയില്‍വേയും ഗൗരവമായിട്ടാണ് കാണുന്നത്. അസി. ലോക്കോ പൈലറ്റുമാരുടെ നിയമനം വേഗത്തിലാക്കുകയാണ് പരിഹാരം.
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴില്‍ 5696 അസി. ലോക്കോ പൈലറ്റുമാരെ വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെന്നൈ ആര്‍.ആര്‍.ബി.ക്ക് കീഴില്‍ ദക്ഷിണ റെയില്‍വേയില്‍ 218 ഒഴിവുകളാണ് ഉള്ളത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും പരീക്ഷ നടത്തിയിട്ടില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം