പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറെന്ന് സൂചന

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് നേരിടുന്ന പാലക്കാട്ടെ രാഷ്ട്രീയത്തിലേക്ക് ഏവരും ഒരുപോലെ ഉറ്റുനോക്കിയിരിക്കുകയാണ്. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ആര് ? എന്ന ചോദ്യം അതില്‍ പ്രധാനമായിരുന്നു.ഇപ്പോഴിതാ ലോക്സഭാ സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാര്‍ തന്നെയാകും ബിജെപി സ്ഥാനാര്‍ത്ഥിയാകുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, ശോഭ സുരേന്ദ്രന് എന്നിവരുടെ പേരുകളും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന.
Also Read ; പാലക്കാട് കെ ബിനുമോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും, അഡ്വ.സഫ്ദര്‍ ഷെരീഫിനും സാധ്യത
മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാരംഭിക്കാന്‍ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചതായാണ് വിവരം. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാര്‍, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഒദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
മലമ്പുഴയില്‍ നിന്നും നിയമസഭയിലേക്കും പാലക്കാട് നിന്നും ലോക്സഭയിലേക്കും മത്സരിച്ച് വോട്ടുവിഹിതം കുത്തനെ ഉയര്‍ത്തി ബിജെപിയെ ജില്ലയിലെ നിര്‍ണായക ശക്തിയാക്കിയ നേതാവാണ് കൃഷ്ണകുമാര്‍. 2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ കൗണ്‍സിലറായിരുന്നു. 2015-20 കാലഘട്ടത്തില്‍ നഗരസഭാ ഉപാധ്യക്ഷ പദവിയും വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..