ലോറന്‍സ് ബിഷ്‌ണോയിയെ വധിക്കുന്നവര്‍ക്ക് 1,11,11,111 രൂപ പ്രതിഫലം പ്രഖ്യാപിച്ച് ക്ഷത്രിയ കര്‍ണി സേന
മുംബൈ: ലോറന്‍സ് ബിഷ്‌ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കര്‍ണി സേന. എന്‍സിപി നേതാവും മുന്‍മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ബിഷ്‌ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിഷ്‌ണോയിയുടെ തലയ്ക്ക് വിലയിട്ടത്. നിലവില്‍ മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് സബര്‍മതി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് 1,11,11,111 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷത്രിയ കര്‍ണി സേനയുടെ ദേശീയ അധ്യക്ഷന്‍ രാജ് ഷെഖാവത്താണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
Also Read ; ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം ; മലിനീകരണ തോത് മുന്നൂറ് കടന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
ബിഷ്ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പണം വിനിയോഗിക്കാമെന്നാണ് ഷെഖാവത്ത് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. ബിഷ്ണോയിയും അയാളുടെ കൂട്ടാളികളും ഉയര്‍ത്തുന്ന ഭീഷണിയെ തടയാന്‍ കഴിയാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും ഗുജറാത്ത് സര്‍ക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.
പൈതൃക നേതാവായിരുന്ന സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ കൊലയാളിയാണ് ലോറന്‍സ് ബിഷ്ണോയ് എന്നും രാജ് ആരോപിക്കുന്നുണ്ട്. 2023 ഡിസംബര്‍ അഞ്ചിനാണ് ക്ഷത്രിയ കര്‍ണി സേന മേധാവിയായിരുന്ന സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ ജയ്പൂരില്‍ വെച്ച് അജ്ഞാത സംഘം കൊലപ്പെടുത്തുന്നത്. ഏറെ വൈകാതെ തന്നെ ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയ് ഗ്യാങ് ഏറ്റെടുക്കുകയും ചെയ്തു. ഇതും ക്ഷത്രിയ കര്‍ണി സേനയുടെ വൈരാഗ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ബിഷ്ണോയി ജയിലിലാണെങ്കിലും കരുത്തരായ ഒരു സംഘമാണ് ബിഷ്ണോയി ഗ്യാങ് എന്ന പേരില്‍ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. 2022-ല്‍ പഞ്ചാബി ഗായകനായ സിദ്ധു മൂസ്‌വാലയുടെ കൊലപാതകത്തോടെയാണ് ലോറന്‍സ് ബിഷ്ണോയ് എന്ന ഗുണ്ടാനേതാവ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. കൊലപാതകം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ജയിലിനുള്ളില്‍ വെച്ച് തന്നെ ആസൂത്രണം ചെയ്യാനും ഇത് നടപ്പാക്കാനും മാത്രം കരുത്തനാണ് ലോറന്‍സ് ബിഷ്ണോയ് എന്നാണ് നിലവിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.