December 26, 2024
#kerala #Top Four

പറന്നുയര്‍ന്നു സീപ്ലെയിന്‍, ടൂറിസം വികസനത്തിന് കരുത്തേകി ജലവിമാനം ; മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിംങ്

കൊച്ചി: സംസ്ഥാനത്തെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് പുതിയ പൊന്‍തൂവലായി ജലവിമാനം കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്നു. ടൂറിസം വികസനത്തിന് കരുത്തേകി ബോള്‍ഗാട്ടിയില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമിലാണ് ലാന്‍ഡ് ചെയ്തത്. പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ ടൂറിസം രംഗത്ത് വമ്പന്‍ കുതിപ്പാണ് കേരളം പ്രതീക്ഷിക്കുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. ജനസാന്ദ്രത സംസ്ഥാന വികസനത്തിന് ഒരു തടസമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read ; ചേലക്കരയില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വി ഡി സതീശന്‍; ദുഷ് പ്രചാരണങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്ന് കെ രാധാകൃഷ്ണന്‍

സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാണ്. ഉള്‍പ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയില്‍ എത്തിപെടുക വെല്ലുവിളിയാണ്. സീ പ്ലെയിന്‍ കൊണ്ട് ഈ പരിമിതി മറികടക്കാന്‍ പറ്റുമെന്നും റിയാസ് പറഞ്ഞു. സമീപ ഭാവിയില്‍ത്തന്നെ സീ പ്ലെയിനുകള്‍ അവതരപ്പിക്കാന്‍ കഴിയുമോ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. മൈസുരുവില്‍ നിന്ന് ഇന്നലെയാണ് ജലവിമാനം കൊച്ചിയിലെത്തിയത്. കനേഡിയന്‍ കമ്പനിയുടെ ജലവിമാനമാണ് ഇത്.

ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിന്‍ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റര്‍മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് കേരളത്തിലെത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകര്‍ഷണീയതയാണ്. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായല്‍, കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍ഗോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *