കേരള ബിജെപിയില്‍ ഗ്രൂപ്പ് സമ്മര്‍ദ്ദം; ഭാരവാഹി പട്ടിക വൈകുന്നു

കോഴിക്കോട്: ബിജെപി ഭാരവാഹി പട്ടിക ഗ്രൂപ്പ് സമ്മര്‍ദ്ദത്തില്‍പ്പെട്ട് വൈകുന്നു. ഇന്നലെ പ്രഖ്യാപിച്ചേക്കും എന്ന് കരുതിയ പട്ടികയാണ് വൈകുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ സുരേന്ദ്രന്‍, വി മുരളീധരന്‍ പക്ഷത്തെ പൂര്‍ണമായും അവഗണിച്ചതായാണ് പരാതി. ശോഭ സുരേന്ദ്രന്‍ തിരിച്ചെത്തുന്നതിലും പാര്‍ട്ടിയില്‍ അതൃപ്തി നിലനില്‍ക്കുകയാണ്. എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരുന്നതിലും പാര്‍ട്ടിയില്‍ എതിരഭിപ്രായമുണ്ട്.
Also Read; നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ്
നിലവിലെ ജനറല്‍ സെക്രട്ടറിമാരായ സി കൃഷ്ണകുമാറിനേയും പി സുധീറിനെയും മാറ്റുന്നതിലാണ് എതിര്‍പ്പ് ശക്തമായിരിക്കുന്നത്. കെ സുരേന്ദ്രന്റെ നോമിനികളായി വന്ന ഇരുവരെയും ഒരുമിച്ച് മാറ്റിയാല്‍ കോര്‍ കമ്മിറ്റിയില്‍ കെ സുരേന്ദ്രന്‍,വി മുരളീധരന്‍ പക്ഷത്തിന് പ്രാതിനിധ്യം കുറയും എന്നതാണ് ഒരു ആശങ്ക. ഇത് കൂടാതെ, മഹിളാ മോര്‍ച്ച, യുവമോര്‍ച്ച അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള തെരഞ്ഞടുപ്പിലും സുരേന്ദ്രന്‍ പക്ഷത്തെ പൂര്‍ണമായും അവഗണിക്കുന്നു എന്ന പരാതി ശക്തമാണ്. യുവമോര്‍ച്ച അധ്യക്ഷനാകാന്‍ സാധ്യതയുള്ള ശ്യാംരാജ്, സുരേന്ദ്രന്‍ പക്ഷത്തുനിന്നുള്ള നേതാവല്ല. മഹിളാ മോര്‍ച്ച അധ്യക്ഷയായി പരിഗണിക്കുന്ന നവ്യ ഹരിദാസ് പി കെ കൃഷ്ണദാസ് പക്ഷ നേതാവാണ്. ഇതോടെയാണ് പട്ടികയ്ക്കെതിരെ അതൃപ്തി ശക്തമായിരിക്കുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം, ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും എന്നും സൂചനയുണ്ട്. ബിജെപിയുടെ നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തുകയാണ്. നാളെയാണ് ചടങ്ങ്. ഇതിന് മുന്‍പായിത്തന്നെ പട്ടിക പ്രഖ്യാപിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാല്‍ എതിര്‍പ്പുകള്‍ ശക്തമായത് മൂലം ഈ നീക്കം നടക്കാതെ പോകുകയായിരുന്നു.