December 21, 2024
#Top Four

അയക്കുന്ന പാഴ്‌സലിന്റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളപോലീസ്

പലതരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കിരയാവുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ നിങ്ങളയക്കുന്ന പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. തിരുവനന്തപുരത്ത് നടന്ന ഒരു വമ്പന്‍ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചാണ് പാഴ്‌സല്‍ അയക്കുന്നവര്‍ ജാഗ്രതപാലിക്കാനുള്ള നിര്‍ദേശം കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരളപോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങള്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ച പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആള്‍ക്ക് നഷ്ടപ്പെട്ടത് രണ്ടേകാല്‍ കോടി രൂപയാണ്.

നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്‌സ്‌ലിനുള്ളില്‍ MDMA പോലുള്ള ലഹരി മരുന്നുകള്‍ കണ്ടെത്തിയെന്നും അത് നിങ്ങള്‍ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാര്‍ നിങ്ങളെ ഫോണില്‍ വിളിച്ച് പറയുക. കസ്റ്റംസില്‍ പാഴ്സല്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവര്‍ അറിയിക്കും.
കസ്റ്റംസ് ഓഫീസര്‍, സൈബര്‍ ക്രൈം ഓഫീസര്‍ എന്നൊക്കെ പറഞ്ഞാവും തുടര്‍ന്ന് വരുന്ന കോളുകള്‍.

ലഹരി കടത്തിയതിന് CBI , നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ ഏജന്‍സികള്‍ നിങ്ങളുടെ പേരില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിര്‍മ്മിച്ച ID കാര്‍ഡ് , FIR തുടങ്ങിയവ സ്‌കൈപ്, വാട്‌സാപ്പ് എന്നിവ വഴി അയച്ചു നല്‍കുന്നു. തുടര്‍ന്ന് നിങ്ങള്‍ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 % തുക ഉടന്‍ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റിലേക്ക് സറണ്ടര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിനു തെളിവായി ഫിനാന്‍സ് വകുപ്പിന്റെ വ്യാജ Aknowledgement രസീത് അയച്ചു നല്‍കുകയും ചെയ്യുന്നു.

തുടര്‍ന്ന് വിളിക്കുന്നത് ഫിനാന്‍സ് വകുപ്പിലെ IPS ഉദ്യോഗസ്ഥന്‍ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാന്‍ ഇവര്‍ പല അക്കൗണ്ടുകള്‍ അയച്ചുതരുകയും പണം അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവര്‍ പണം തട്ടിയെടുക്കുന്നത്.

Also Read; പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചത് പൂക്കളില്ലാത്ത പൂച്ചെണ്ടുമായി

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. ഒരു അന്വേഷണ ഏജന്‍സിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും നിങ്ങള്‍ക്ക് അയച്ചു തരില്ലെന്ന കാര്യം മനസ്സിലാക്കുക. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന ഫോണ്‍ കോളില്‍ സംശയം തോന്നിയാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുക, പരാതി നല്‍കുക.

Leave a comment

Your email address will not be published. Required fields are marked *