മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് തിരിച്ചടി

കോഴിക്കോട്: മിച്ചഭൂമി കേസില്‍ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനു തിരിച്ചടി. എംഎല്‍എ കൈവശം വച്ച 5.75 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. കണ്ടുകെട്ടുന്നതില്‍ നിന്ന് വീടുള്‍പ്പെടുന്ന 35 സെന്റ് സ്ഥലം ഒഴിവാക്കി. ജോര്‍ജിന്റെ സഹോദരന്‍ കൈവശം വച്ച ആറ് ഏക്കര്‍ തിരിച്ചേല്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
Also Read ; അഫ്ഗാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; ഇന്ത്യന്‍ വിമാനമെന്ന് റിപ്പോര്‍ട്ട
ജോര്‍ജ് എം.തോമസ് മിച്ചഭൂമി വില്‍പന നടത്തിയെന്ന പരാതി ശരിവയ്ക്കുന്ന വിധത്തില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ജോര്‍ജ് എം. തോമസ് 2001ല്‍ അഗസ്റ്റിന്‍ എന്നയാളുടെ പേരില്‍ എഴുതി നല്‍കിയ ഒരേക്കര്‍ ഭൂമി തന്നെയാണ് 21 വര്‍ഷത്തിനു ശേഷം ഭാര്യ ആനീസ് ജോര്‍ജിന്റെ പേരില്‍ വാങ്ങിയതെന്നു ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. മിച്ച ഭൂമിയെന്നു നേരത്തേ സ്ഥിരീകരിച്ച ഈ വസ്തുവില്‍ ഇരുനില വീട് നിര്‍മിക്കുന്നതായും ഓതറൈസ്ഡ് റിപ്പോര്‍ട്ടര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ജോര്‍ജ് എം.തോമസിന്റെ പിതാവിന്റെ കൈവശമുണ്ടായിരുന്ന 16.40 ഏക്കര്‍ ഭൂമി മിച്ചഭൂമിയാണെന്ന് സ്ഥിരീകരിച്ചു സര്‍ക്കാരിലേക്കു കണ്ടുകെട്ടാന്‍ 2000ല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് ജോര്‍ജ് എം.തോമസ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീലില്‍ തീരുമാനം വരുന്നതിനു മുന്‍പ് ഇതില്‍ ഒരേക്കര്‍ അഗസ്റ്റിനു വില്‍പന നടത്തിയെന്നും 21 വര്‍ഷത്തിനു ശേഷം 2022ല്‍ മുക്കം സബ് റജിസ്ട്രാര്‍ ഓഫീസ് മുഖേന അഗസ്റ്റിനില്‍ നിന്നു ജോര്‍ജ് എം.തോമസിന്റെ ഭാര്യയുടെ പേരിലേക്കു വാങ്ങിയെന്നുമാണ് പരാതി.
പൗരാവകാശ പ്രവര്‍ത്തകനായ തിരുവമ്പാടി ആനടിയില്‍ സെയ്തലവി, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.സിറാജുദ്ദീന്‍ എന്നിവര്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് ബോര്‍ഡ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇങ്ങനെ ഇടപാട് നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു ജോര്‍ജ് എം.തോമസിന്റെ നേരത്തേയുള്ള പ്രതികരണം. സംഭവത്തില്‍ വിജിലന്‍സും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം