നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി അന്തരിച്ചു

താമരശ്ശേരി: റേഡിയോ നാടകരചനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി (72) അന്തരിച്ചു. കരളില്‍ അര്‍ബുദബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടേകാല്‍വരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാല്‍ വരെ താമരശ്ശേരി ഗവ. യു.പി. സ്‌കൂളിലും പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് 9.30 ന് കെടവൂര്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും.
Also Read ; കണ്ണൂരില്‍ ബോംബ് സ്ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഇരുപതാംവയസ്സില്‍ ആകാശവാണിയുടെ യുവശക്തി പരിപാടിയില്‍ സംപ്രേഷണംചെയ്ത ‘സ്പന്ദന’ത്തിലൂടെയാണ് നാടകരചനയ്ക്ക് തുടക്കമിടുന്നത്. സ്വതന്ത്രരചനകള്‍ക്ക് പുറമേ പ്രശസ്തരായ എഴുത്തുകാരുടെ കൃതികള്‍ക്ക് റേഡിയോ നാടകാവിഷ്‌കാരമൊരുക്കി. ഒട്ടേറെ സ്റ്റേജ് നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പില്‍നിന്ന് ഹെഡ്ക്ലാര്‍ക്കായി വിരമിച്ച ശേഷവും നാടകരചനയിലും എഴുത്തിന്റെ വഴിയിലും വ്യാപൃതനായി. ‘നക്ഷത്രങ്ങളുടെ പ്രണാമം’, കാസിമിന്റെ ചെരിപ്പ്, കരിമുകിലിന്റെ സംഗീതം, അടയാളശില, മുസാഫിര്‍, വിദൂഷകനെ കാണാനില്ല, നാല് പട്ടിക്കുട്ടികള്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നോവലുകളും മുച്ചക്രവണ്ടി (അനുഭവക്കുറിപ്പ്), അതിനുമപ്പുറം (നാടകം), അലാവുദ്ദീനും അദ്ഭുതവിളക്കും, കാസിമിന്റെ ചെരിപ്പ്, ആലിബാബയും നാല്പത് കള്ളന്‍മാരും (ബാലസാഹിത്യം) എന്നീ കൃതികളും അന്‍പതിലധികം ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവയുഗ ആര്‍ട്സിന്റെ സ്ഥാപക സെക്രട്ടറിയും താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതിയംഗവുമായിരുന്നു അദ്ദേഹം.
കെടവൂര്‍ മാപ്പിള എല്‍ പി സ്‌കൂള്‍, സെന്റ് മേരിസ് കോളേജ് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലായിരുന്നു പഠനം. ഭാര്യ: ആമിന. മക്കള്‍: മുനീര്‍ അലി (സിനിമാ തിരകഥാകൃത്ത്), ഹസീന. മരുമക്കള്‍: ഷിയാസ്, സുമയ്യ.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം