ക്ഷേമപെന്ഷന് രണ്ടുഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും; ഇനി കുടിശ്ശിക അഞ്ച് ഗഡു

തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു.
Also Read ; ഡ്രൈവിങ് സീറ്റില്‍ മഞ്ജു വാര്യര്‍; വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ച് ഫ്ലയിങ് സ്ക്വാഡ്; ആളുകള്‍ കൂടി
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്ഷന് എത്തിക്കും.
6.88 ലക്ഷം പേരുടെ കേന്ദ്രസര്‍ക്കാര്‍ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ പെന്ഷന് വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുന്‍കൂറായി തുക നല്‍കുന്നത്. ഏഴുമാസത്തെ കുടിശ്ശിക ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഗഡു കഴിഞ്ഞമാസം നല്കി. രണ്ടു ഗഡുകൂടി ഇപ്പോള്‍ നല്കിയാലും ഏപ്രിലിലേത് അടക്കം അഞ്ചുമാസത്തെ പെന്ഷന് ഇനിയും കുടിശ്ശികയാണ്.
ക്ഷേമപെന്ഷന് വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സര്‍ക്കാര്‍ നടപടി. പെന്ഷന് വൈകുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഐ ഉള്‍പ്പെടെ ഇടതുമുന്നണി യോഗത്തില്‍ പങ്കുവെച്ചിരുന്നു. പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാനം. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെന്ഷന് വൈകുന്നതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ മറുപടി. എല്‍ഡിഎഫ് യോഗത്തില്‍ സിപിഐതന്നെ വിമര്‍ശനവുമായി രംഗത്തുവന്നതോടെ വേഗത്തില്‍തന്നെ പെന്ഷന് നല്‍കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം