ഏജന്റിന്റെ ചതി: റഷ്യയില്‍ യുദ്ധമുഖത്ത് അകപ്പെട്ട് അഞ്ചുതെങ്ങിലെ മൂന്നു യുവാക്കള്‍
തിരുവനന്തപുരം: ഏജന്റിന്റെ ചതിയില്‍പ്പെട്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ടവരില്‍ അഞ്ചുതെങ്ങിലെ അടുത്ത ബന്ധുക്കളും മത്സ്യത്തൊഴിലാളികളുമായ മൂന്നു യുവാക്കള്‍. റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇവരില്‍ ഒരാള്‍ക്ക് യുക്രെയ്ന്‍ സൈന്യത്തിന്റെ വെടിവയ്പിലും ബോംബാക്രമണത്തിലും പരുക്കേറ്റിട്ടുണ്ട്. മൂവരും സുരക്ഷിതരായി തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണ് കുടുംബങ്ങള്‍. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രാക്കൂട് സെബാസ്റ്റ്യന്റെയും നിര്‍മലയുടെയും മകന്‍ പ്രിന്‍സ്(24)നാണ് ചെവിക്കും കാലിനും പരുക്കേറ്റത്.
പ്രിന്‍സിന്റെ അമ്മയുടെ സഹോദരി കുന്നുംപുറത്ത് പനിയമ്മയുടെയും സില്‍വയുടെ മകന്‍ വിനീത് (22), പ്രിന്‍സിന്റെ പിതൃസഹോദരി ബിന്ദുവിന്റെയും പരേതനായ പനിയടിമയുടെയും മകന്‍ ടിനു (25) എന്നിവരാണ് കൂടെയുള്ളത്. മനുഷ്യക്കടത്തില്‍ സിബിഐ കേസെടുത്ത് അന്വേഷിക്കുകയാണ്. കഴക്കൂട്ടം സ്വദേശി സന്തോഷ് (അലക്സ്) എന്ന ഏജന്റാണു റഷ്യ കേന്ദ്രീകരിച്ച് റിക്രൂട്മെന്റിന് ചുക്കാന്‍ പിടിച്ചത്. തുമ്പയിലെ ഏജന്റ് പ്രിയന്‍ വഴിയാണ് മൂവരും ജനുവരി മൂന്നിനു റഷ്യയ്ക്കു പുറപ്പെട്ടത്. സെക്യൂരിറ്റി ജോലിക്ക് രണ്ടു ലക്ഷം രൂപ മാസശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍നിന്നും ഏഴു ലക്ഷം രൂപ വീതം പ്രിയന്‍ കൈപ്പറ്റി.
പലിശയ്ക്കെടുത്തും സ്വര്‍ണം വിറ്റും കടം വാങ്ങിയുമാണ് അവര്‍ പണം നല്‍കിയത്. ശേഷം റഷ്യന്‍ ഭാഷയിലെഴുതിയ കരാറില്‍ ഒപ്പിടുവിച്ച് യുദ്ധമുഖത്ത് നിയോഗിക്കുകയായിരുന്നു. 23 ദിവസത്തെ ആയുധ പരിശീലനം നല്‍കി. പാസ്പോര്‍ട്ടും ഫോണും റഷ്യയിലെ ഏജന്റ് സന്തോഷ് പിടിച്ചു വച്ചതായി മോസ്‌കോയില്‍നിന്നും മറ്റൊരു ഫോണില്‍ സംസാരിച്ച പ്രിന്‍സ് പറഞ്ഞു. യുദ്ധമുഖത്തെത്തിയ ആദ്യദിവസം തന്നെ പ്രിന്‍സിന് പരുക്കേറ്റിരുന്നു. ഒരുമാസത്തിലേറെ ആശുപത്രി വാസത്തിനുശേഷം ഒരു ഹോസ്റ്റലില്‍ വിശ്രമത്തിലാണ്. പരുക്കു ഭേദമായാലുടന്‍ വീണ്ടും യുദ്ധമുഖത്ത് എത്തിക്കുമെന്ന ഭയമുണ്ടെന്നും പ്രിന്‍സ് പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം