താത്ക്കാലികമായി കെട്ടടങ്ങിയ ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷം വീണ്ടും പൊട്ടിത്തെറിയിലേക്ക്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിട്ട് ബിജെപിക്കുള്ളില്‍ പടയൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അവകാശ വാദങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുക്കുമപ്പുറം പാര്‍ട്ടിക്കുള്ളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല എന്നാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന വാദം.
കഴിഞ്ഞ തവണ പുതുപ്പള്ളിയില്‍ എന്‍ഡിഎ 11,694 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഇക്കുറിയാകട്ടെ വോട്ട് ഷെയര്‍ 6558 ആയി കുത്തനെയിടിഞ്ഞു. തോല്‍ക്കുമെന്ന് ഉറപ്പാണെങ്കിലും ഈ വിധത്തില്‍ പരമ ദയനീയമായ തോല്‍വിക്ക്, നേതൃത്വം നല്‍കിയ സുരേന്ദ്രന്‍ തന്നെയാണ് ഉത്തരവാദി എന്ന വികാരമാണ് വലിയ വിഭാഗം പ്രവര്‍ത്തകരും പങ്കുവെക്കുന്നത്. കേന്ദ്ര ഭരണനേട്ടങ്ങള്‍ പുതുപ്പളളിയില്‍ ചര്‍ച്ചയാക്കാനുള്ള അവസരമാണ് ലഭിച്ചതെങ്കിലും, അമിതമായ ആര്‍ഭാട പ്രകടനങ്ങള്‍ കാണിച്ച് സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് പല നേതാക്കളും കാണിച്ചതെന്നും ഇവര്‍ തുറന്നടിക്കുന്നു.
പതിവു പോലെ ഇക്കുറി പുതുപ്പള്ളിയിലും വോട്ട് കച്ചവടം നടന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും കണക്കുകള്‍ ഉയര്‍ത്തി അതിനെ പ്രതിരോധിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടേയില്ല. മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ധാര്‍ഷ്ട്യമട്ടില്‍ പ്രതികരിക്കുകയാണ് കെ.സുരേന്ദ്രന്‍ ചെയ്തതെങ്കിലും ഇതൊക്കെ ജനങ്ങള്‍ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മറക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കളും തുറന്നടിക്കുന്നത്.
കേന്ദ്രമന്ത്രി വി.മുരളീധരനും, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും അനഭിതരായ നേതാക്കളെ ആസൂത്രിതമായി വെട്ടിയൊതുക്കാന്‍ നടന്ന നീക്കങ്ങള്‍ തന്നെയാണ് ഇന്ന് കേരളത്തില്‍ നേരിടുന്ന പ്രതിസന്ധിക്ക് അടിസ്ഥാന കാരണം എന്നാണ് ഉയരുന്ന ആരോപണം. പി.കെ.കൃഷ്ണദാസ,് എം ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, സി. കെ.പത്മനാഭന്‍, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ നേതാക്കളെ പലഘട്ടത്തിലും പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി തീര്‍ക്കാനുളള നീക്കങ്ങള്‍ പല തവണ ഉയര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വത്തിലെ സ്വാധീനവും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായുള്ള ബന്ധങ്ങളും ഉപയോഗിച്ചാണ് പലനേതാക്കളേയും ഒതുക്കാന്‍ നീക്കം നടന്നത്.
ഇവരില്‍ പലനേതാക്കളും ഔദ്യോഗിക പക്ഷത്തോട് സന്ധിചെയ്ത് ചില സ്ഥാനമാനങ്ങള്‍ നേടിയെടുത്തുവെങ്കിലും കീഴടങ്ങാതെ ഒറ്റയാള്‍ പോരാട്ടം നടത്തിവന്നത് ശോഭാ സുരേന്ദ്രന്‍ തന്നെയായിരുന്നു. സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പല ബി ജെ പി നേതാക്കളും ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ വോട്ടു ഷെയര്‍ സ്ഥിരമായി വര്‍ദ്ധിപ്പിക്കുന്ന നേതാവാണ് ശോഭാ സുരേന്ദ്രന്‍. ജയസാധ്യതയുള്ള സീറ്റുകളില്‍ നിന്ന് ആസൂത്രിതമായി ഇവരെ തഴയുകയാണെങ്കിലും ജയസാധ്യത തെല്ലുപോലുമില്ലാത്ത ആറ്റിങ്ങലില്‍ പോലും 2,48,650 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്താന്‍ ശോഭക്ക് കഴിഞ്ഞിരുന്നു. ഈ വിധത്തില്‍ ജന പിന്തുണ ഉണ്ടായിട്ടും. സംസ്ഥാന ഉപാധ്യക്ഷയായിട്ടും ഒരു ജില്ലയുടെ പ്രഭാരി മാത്രമായി ഇവരെ ഒതുക്കി നിര്‍ത്താനാണ് ബി.ജെ.പി.യുടെ സംസ്ഥാന നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നത്.
അസംതൃപ്തികള്‍ മാറ്റിവെച്ച് ഇടക്കാലത്ത് ഔദ്യോഗികപക്ഷത്തോട് ചേര്‍ന്ന വിമത നേതാക്കള്‍ പോലും വീണ്ടും ഇടഞ്ഞ നിലയിലാണ്. പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഏകാധിപത്യപരമായ നടപടികള്‍ ആത്മഹത്യാപരമാണെന്നും പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇവര്‍ തയ്യാറാകണമെന്നും അവര്‍ തുറന്നടിക്കുന്നത് ഇതുകൊണ്ടാണ്.
തൃശൂരില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഔദ്യോഗിക നേതൃത്യത്തിനെതിരെ അതിശക്തമായ വികാരമാണ് പൊട്ടി പുറപ്പെട്ടത്. സഹപ്രവര്‍ത്തകരെ കൂട്ടുത്തരവാദത്തിലെടുക്കാതെ ഇനിയും മുന്നോട്ടു പോകാനാവില്ലന്ന പൊതുവികാരമാണ് വലിയ വിഭാഗം നേതാക്കള്‍ സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറെ ധരിപ്പിച്ചത്. അസംതൃപ്തികള്‍ രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ ബി.ജെ.പി.യെ കാത്തിരിക്കുന്നത് ഇതിലും വലിയ വീഴ്ചകമായിരിക്കുമെന്ന് പറയാതെ വയ്യ.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































