തന്റെ വാക്കുകളെ വളച്ചൊടിക്കുന്നു, സിനിമയില്‍ അഭിനയിക്കണം, മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണം, രാഷ്ട്രീയക്കാരനാകുന്നത് അത്യാവശ്യമല്ല: സുരേഷ് ഗോപി
കണ്ണൂര്‍: തനിക്ക് സിനിമ അഭിനയം തുടരണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് സുരേഷ് ഗോപി. ഇപ്പോള്‍ വരുമാനം നിലച്ചു, ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് വളച്ചൊടിക്കുകയാണെന്നും പ്രജ എന്ന് പറഞ്ഞാല്‍ അസുഖമാണ് എല്ലാവര്ക്കും. പ്രജ എന്ന് പറഞ്ഞാല്‍ അതിനെന്താണ് ഇത്ര കുഴപ്പം. പ്രജാതന്ത്രം എന്താണെന്ന് അവര്‍ ആദ്യം പഠിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പറഞ്ഞ കാര്യങ്ങളെയെല്ലാം വേണ്ടുംവിധം വെട്ടിമുറിച്ച് വളച്ചൊടിക്കുകയാണ്. മിനിഞ്ഞാന്ന് പറഞ്ഞകാര്യം സംബന്ധിച്ച് അടുത്ത കലുങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ഉണ്ടാകും. ഒന്നിനേയും ഞാന്‍ വെറുതെ വിടില്ല, ഈശ്വരഹിതമായ കാര്യമാണ് താന്‍ ചെയ്യുന്നതും പറയുന്നതും. ഈ പൂച്ചാണ്ടിയൊന്നും കാണിച്ച് തന്നെ പേടിപ്പിക്കേണ്ട. വേദനയും രോഷവും മറച്ചുപിടിച്ച് ഇളിച്ചുകാണിക്കുന്ന രാഷ്ട്രീയക്കാരനാകാന്‍ എനിക്കാവില്ല. രാഷ്ട്രീയക്കാരനായി ജീവിക്കുക എന്നത് എനിക്ക് അത്യാവശ്യമല്ല, ആത്യന്തികമായി മനുഷ്യനായി ജീവിക്കണമെന്നാണ് തനിക്കെന്നും സുരേഷ് ഗോപി പറഞ്ഞു.





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































