പാടത്ത് പണിയെടുത്താല്‍ മാത്രം പോരാ, കാര്‍ഷിക മേഖലയിലെ അധികാര തലത്തിലേക്ക് സ്ത്രീകളുടെ ഉയര്‍ച്ച അനിവാര്യമാണ്: ദ്രൗപതി മുര്‍മു
ന്യൂഡല്‍ഹി: കാര്‍ഷിക ഭക്ഷ്യ സംവിധാനത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും പ്രസിഡന്റ് ദ്രൗപതി മുര്‍മു. കാര്‍ഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളതെന്നും മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ ലിംഗ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ദ്രൗപതി മുര്‍മു. ജെന്‍ഡര്‍ ഇംപാക്ട് പ്ലാറ്റ്‌ഫോമും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (ഐസിഎആര്‍) കണ്‍സോര്‍ഷ്യം ഓഫ് ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍സും(സിജിഐഎആര്‍) സംയുക്തമായാണ് നാലു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
‘കോവിഡ് സാഹചര്യത്തില്‍ കാര്‍ഷിക-ഭക്ഷ്യ സമ്പ്രദായങ്ങളും ഘടനാപരമായ അസമത്വവും തമ്മിലുള്ള ബന്ധം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു. ഭക്ഷ്യ ഉല്‍പാദനത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകള്‍ ഉണ്ടാവണം. സ്ത്രീകള്‍ പലപ്പോഴും കര്‍ഷകര്‍ എന്ന നിലയില്‍ നിന്ന് കാര്‍ഷിക അധികാര മേഖലയിലെ അധികാര തലത്തിലേക്ക് എത്തുന്നില്ലെന്നുള്ളതാണ് വാസ്തവം.
ഈ വേര്‍തിരിവ് ആഗോളതലത്തില്‍ പോലും പ്രകടമായി കാണാന്‍ കഴിയും. കാര്‍ഷിക-ഭക്ഷ്യ സംവിധാനത്തിന് ഏറ്റവും പുറത്താണ് സ്ത്രീകളെന്നത് പ്രകടമാണ്. സ്ത്രീകള്‍ എല്ലായ്പ്പോഴും തൊഴിലാളി മാത്രമാകുന്നു. പലപ്പോഴും കൂലിയില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണുള്ളത്. സ്ത്രീകള്‍ ഭൂവുടമകളാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നും ആ തലത്തിലേക്ക് മാറ്റങ്ങള്‍ അനിവാര്യമാണ്’ എന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.