ഹൈക്കോടതി സിസ തോമസിന് എതിരായ അച്ചടക്ക നടപടി റദ്ദാക്കി
കൊച്ചി: ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി നിയമിതയായ പ്രൊഫ. സിസ തോമസിന് എതിരെ സര്‍ക്കാര്‍ തുടങ്ങിയ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
സര്‍ക്കാരിന്റെ നടപടികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ ട്രിബ്യൂണല്‍ ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാന്‍സലരുടെ ചുമതല ഏറ്റെടുത്തു എന്നു കാണിച്ചു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും കോടതി റദ്ദാക്കി.
മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധു ആക്കിയപ്പോഴാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ പ്രകാരവും, യുജിസി ചട്ടങ്ങള്‍ പ്രകാരവും സിസ തോമസിനെ താല്‍കാലിക വൈസ് ചാന്‍സലര്‍ ആയി നിയമിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയ സമീപിച്ചപ്പോള്‍, സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു.
Also Read; ദുരതമി യാത്ര : വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍
അതിനു ശേഷമാണ് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തു എന്നാരോപിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സിസാ തോമസ് ട്രിബ്യുണലിനെ സമീപിച്ചെങ്കിലും നടപടികള്‍ തുടരാമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. സിസ തോമസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.
Join with metro post:വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































