അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്താല്‍ കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കുറ്റം : ഹൈക്കോടതി

ലഖ്‌നൗ: സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന അശ്ലീല പോസ്റ്റുകളില്‍ ലൈക്ക് ചെയ്യുന്നത് കുറ്റമായി കാണാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാല്‍ ഫേസ്ബുക്ക്, എക്സ് (ട്വിറ്റര്‍) തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന അശ്ലീല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് കുറ്റകരമാണെന്ന് കോടതി പറഞ്ഞു. ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിലൂടെ അത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം അത് കുറ്റമാണെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ് ദേശ്വാള്‍ വ്യക്തമാക്കി.
ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പോസ്റ്റ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും തുല്യമായി കണക്കാക്കാന്‍ കഴിയില്ല. അതിനാല്‍ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നതില്‍ ഐടി നിയമത്തിലെ 67-ാം വകുപ്പ് ബാധകമല്ല എന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഐടി നിയമത്തിലെ സെക്ഷന്‍ 67 അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ളതാണ് പ്രകോപനപരമായ ഉള്ളടക്കത്തിന് വേണ്ടിയുള്ളതല്ല എന്നും കോടതി നിരീക്ഷിച്ചു.
Also Read; കേരളത്തിലോടുന്ന എട്ട് ട്രെയിനുകള്‍ക്ക് അധിക കോച്ച് അനുവദിച്ച് റെയില്‍വെ
ആഗ്ര സ്വദേശിയായ മുഹമ്മദ് ഇമ്രാന്‍ കാസി എന്നയാള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഫര്‍ഹാന്‍ ഉസ്മാന്‍ എന്നയാള്‍ പങ്കുവെച്ച ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് ഇമ്രാന്‍ കാസിക്കെതിരെ കേസെടുത്തത്. റാലിയില്‍ പങ്കെടുക്കാന്‍ വേണ്ടി മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെ വിളിച്ചുചേര്‍ക്കുന്നതിന് വേണ്ടിയുളള പോസ്റ്റായിരുന്നു അത്.