വിദേശനാണ്യ ലംഘന കേസ്: അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഇഡിക്ക് മുന്നില്‍ ഹാജരായി

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അന്വേഷണ ഏജന്‍സി വിളിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് 1999 ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട് വൈഭവ് ഇഡിയ്ക്ക് മുമ്പാകെ ഹാജരായത്. രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹം കേന്ദ്ര ഏജന്‍സി ആസ്ഥാനത്ത് എത്തിയത്. രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ അടുത്തിടെ നടന്ന ഇഡി റെയ്ഡുകളുമായി ബന്ധപ്പെട്ടതാണ് സമന്‍സ്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
അടുത്തിടെ ശിവ് ശങ്കര്‍ ശര്‍മ്മ, രത്തന്‍ കാന്ത് ശര്‍മ്മ എന്നിവരുടെ രാജസ്ഥാന്‍ ബന്ധമുളള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ്, വര്‍ദ എന്‍ന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ 1.2 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. 2007-2008 കാലഘട്ടത്തില്‍ മൗറീഷ്യസില്‍ നിന്ന് ഹോട്ടല്‍ ഗ്രൂപ്പിന് നിക്ഷേപം ലഭിച്ചെന്നാണ് ആരോപണം. വൈഭവ് ഗെഹ്‌ലോട്ട് രത്തന്‍ കാന്ത് ശര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്.
അതേസമയം അശോക് ഗെഹ്‌ലോട്ട് നേരത്തെ തന്നെ ആരോപണങ്ങള്‍ തള്ളിയിരുന്നു. തന്റെ മകന് ഒരു ടാക്സി കമ്പനി മാത്രമേയുള്ളൂവെന്നും അതില്‍ ശര്‍മ്മ പങ്കാളിയാണെന്നും അവര്‍ ഇപ്പോള്‍ വെവ്വേറെയാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.