October 18, 2024
#Top News

ചന്ദ്രബാബു നായിഡുവിന് നാലാഴ്ചത്തെ ജാമ്യം അനുവദിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി

അമരാവതി: അഴിമതിക്കേസില്‍ ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജാമ്യം. നാലാഴ്ച്ചത്തേക്ക് ആന്ധ്രാ ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം. ഒക്ടോബര്‍ 18ന് കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

ചന്ദ്രബാബു നായിഡുവിന് തിമിര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്ന് നായിഡുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എപിഎസ്എസ്ഡിസി) ആന്ധ്ര മുഖ്യമന്ത്രിയായിരിക്കെ നടന്നതായി പറയപ്പെടുന്ന 3,300 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 9 നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. അന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പോലീസ് നായിഡുവിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍തോതില്‍ തടിച്ചുകൂടി പ്രതിഷേധിച്ചതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് നായിഡുവിനെ കസ്റ്റഡിയിലെടുത്തത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. 2016ല്‍ എപിഎസ്എസ്ഡിസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയിരുന്ന മുന്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് ഓഫീസര്‍ അര്‍ജ ശ്രീകാന്തിന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. തൊഴിലില്ലാത്ത യുവാക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനുമായി നൈപുണ്യ പരിശീലനം നല്‍കുന്നതിനുമായി 2016ലാണ് എപിഎസ്എസ്ഡിസി രൂപീകരിച്ചത്.

Also Read; നാളെ മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം

3,300 കോടി രൂപയുടെ പദ്ധതിക്കായി അന്നത്തെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായി സിഐഡി അന്വേഷണത്തില്‍ പറയുന്നു. സീമെന്‍സ് ഇന്‍ഡസ്ട്രി സോഫ്റ്റ്വെയര്‍ ഇന്ത്യ ലിമിറ്റഡുമായും ഡിസൈന്‍ ടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായും ഒരു കണ്‍സോര്‍ഷ്യം ധാരണാപത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു. സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്റ്റ്വെയര്‍ ഇന്ത്യ ലിമിറ്റഡ് നൈപുണ്യ വികസനത്തിനായി ആറ് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. മൊത്തം പദ്ധതിച്ചെലവിന്റെ പത്തുശതമാനം ആന്ധ്രാ സര്‍ക്കാരാണ് സംഭാവന ചെയ്യേണ്ടിയിരുന്നത്. രണ്ട് കമ്പനികളും ബാക്കി തുക ഗ്രാന്റ്-ഇന്‍-എയ്ഡായി നല്‍കും. സിഐഡിയുടെ അന്വേഷണത്തില്‍, സാധാരണ ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണ് പദ്ധതി ആരംഭിച്ചതെന്ന് കണ്ടെത്തി. സംസ്ഥാന മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കിയില്ലെന്നാണ് ആരോപണം.

സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്റ്റ്വെയര്‍ ഇന്ത്യ ഈ പദ്ധതിയില്‍ സ്വന്തം സ്രോതസ്സുകളൊന്നും നിക്ഷേപിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സംസ്ഥാനം അനുവദിച്ച 371 കോടിയുടെ ഗണ്യമായ ഒരു ഭാഗം വിവിധ ഷെല്‍ കമ്പനികള്‍ക്കായി വകമാറ്റിയെന്നും സിഐഡി അന്വേഷണം ചൂണ്ടിക്കാട്ടി. പദ്ധതിക്കാവശ്യമായ പണം ഷെല്‍ കമ്പനികളിലേക്ക് ഒഴുക്കിയതായി സിഐഡി ആരോപിച്ചു. തുടര്‍ന്ന് സീമെന്‍സ് ഗ്ലോബല്‍ കോര്‍പ്പറേറ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ഷെല്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഹവാലയായി പ്രോജക്ട് മാനേജര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.

 

Leave a comment

Your email address will not be published. Required fields are marked *