നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും
തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമാകാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും. തുടക്കത്തില്‍ കുറച്ച് ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമേ മന്ത്രിമാര്‍ക്ക് ഒപ്പമുണ്ടാകൂ. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളില്‍ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ കാസര്‍കോട്ട് ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പര്യടനത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പര്യടനത്തില്‍ പൊതുവായി പറയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനും വേണ്ടിയാണ് യോഗം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് എത്തുന്ന നവകേരള സദസ് തുടങ്ങുന്നതോടെ പ്രത്യേകം തയാറാക്കിയ ബസ് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായി മാറും. ഭരണപരമായ തീരുമാനങ്ങളും നയപരമായ തീരുമാനങ്ങളുമെല്ലാം സഞ്ചരിച്ചു കൊണ്ടായിരിക്കും തീരുമാനിക്കുക. ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി, അവിടെ തങ്ങിയ ശേഷം രാവിലെ കാസര്‍കോട് എത്തിച്ചേരും. മറ്റ് മന്ത്രിമാരും പുലര്‍ച്ചയോടെ കാസര്‍കോട്ട് എത്തും.
നവകേരള സദസില്‍ നിന്ന് ലഭിക്കുന്ന നിവേദനങ്ങളിലും പരാതികളിലും മറ്റും അവിടെ വെച്ച് തീരുമാനം എടുക്കില്ല. ഓരോ ജില്ലകളിലേയും കളക്ടറുടെ മേല്‍നോട്ടത്തില്‍ അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കും. സംസ്ഥാന തലത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ തീര്‍പ്പാക്കും.
Also Read; ലോകത്ത് ആദ്യമായി പറക്കുംകാറുകളുടെ റേസിങ് വരുന്നു