തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൊച്ചിയിലേക്ക്
കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിവല്‍ ദീഷ്ണയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 64 ആയി. കോളേജ് ഓഡിറ്റോറിയത്തിന്റെ ശേഷിയിലധികം കുട്ടികള്‍ ഇവിടേക്ക് കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇതിനിടെ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലേക്ക് തിരിച്ചു. സര്‍ജറി, ഓര്‍ത്തോപീഡിക്ക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് കുസാറ്റില്‍ അപകടമുണ്ടായത്. വ്യവസായ മന്ത്രി പി.രാജീവ്, ഉന്നതവിദ്യാഭ്യസ മന്ത്രി ആര്‍.ബിന്ദു എന്നിവരെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി കളമശേരിയിലേക്ക് നിയോഗിച്ചു. ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഏകോപിപ്പിക്കും. നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.
Also Read; കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു
അതേസമയം കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞതില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ രാത്രി 8:30ന് മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നു. ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































