തുറമുഖ വകുപ്പ് സി പി എം ഏറ്റെടുത്തു, സിനിമ വകുപ്പ് ഗണേഷിനില്ല, കടന്നപ്പള്ളിക്ക് രജിസ്ട്രേഷനും പുരാവസ്തുവും, മറ്റ് വകുപ്പുകളില്‍ മാറ്റമില്ല
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഗണേഷ് കുമാര്‍ ഗതാഗത വകുപ്പു തന്നെ കൈകാര്യം ചെയ്യും. രജിസ്ട്രേഷന്-പുരാവസ്തു വകുപ്പാണ് കടന്നപ്പള്ളി രാമചന്ദ്രന്. അതേസമയം, തുറമുഖ വകുപ്പ് സി പി എം ഏറ്റെടുത്തു. സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് തുറമുഖ വകുപ്പിന്റെ ചുമതല. വിഴിഞ്ഞം തുറമുഖം സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായതിനാല്‍ തുടര്‍നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ പ്രശ്നമില്ലാത്ത തരത്തില്‍ മുന്നോട്ടു കൊണ്ടു പോകുവാനാണ് വകുപ്പ് സി പി എം തന്നെ ഏറ്റെടുത്തതെന്നാണ് സൂചന.
രാജിവെച്ച അഹമ്മദ് ദേവര്‍കോവിലായിരുന്നു നേരത്തെ രജിസ്ട്രേഷന്, പുരാവസ്തു വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ആന്റണി രാജുവിന്റെ ഗതാഗത വകുപ്പിന് പുറമെ സിനിമ വകുപ്പ് കൂടി ലഭിക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറായില്ല. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സിനിമ വകുപ്പ് കൈകാര്യം ചെയ്യുന്നത്.





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































