September 7, 2024
#Movie #Top Four

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ: എണ്‍പതുകളില്‍ മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകള്‍ സംഭാവന ചെയ്ത പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്നില്‍ 1946 ജൂണ്‍ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

അക്കാര്‍ഡിയനും കീബോര്‍ഡും മലയാള സിനിമയില്‍ വിപുലമായി ഉപയോഗിച്ചത് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിലായിരുന്നു. 200 ഓളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. വിവിധ സംഗീത സംവിധായകര്‍ക്കായി 500ലധികം ചിത്രങ്ങളില്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1975ല്‍ പുറത്തിറങ്ങിയ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. ഏറെ ഹിറ്റായ ‘എന്‍ സ്വരം പൂവിടും ഗാനമേ’ എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി. ബുധനാഴ്ച ചെന്നൈയില്‍ തന്നെയായിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാരം.

Also Read; വൈദ്യുതി ബില്ല് അടയ്ക്കാന്‍ മറക്കുന്ന ആളാണോ? എന്നാല്‍ ഇങ്ങനെ ചെയ്താല്‍ മതി

കുറച്ചുനാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. പള്ളി ക്വയറില്‍ വയലിന്‍ വായിച്ചാണ് ജോയ് സംഗീതരംഗത്തേക്കുള്ള തന്റെ കടന്നുവരവ് നടത്തിയത്. പതിനെട്ടാം വയസില്‍ പ്രശസ്ത സംഗീതസംവിധായകന്‍ എം.എസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയില്‍ അംഗമായി. പന്ത്രണ്ടോളം ഹിന്ദി സിനിമകള്‍ക്കും ജോയ് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *