വയനാട്ടില്‍ പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ല; വനംവകുപ്പ് പ്രതിസന്ധിയില്‍

കല്‍പറ്റ: ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തുന്ന കടുവകളെ കൂടുവെച്ചും മയക്കുവെടിവെച്ചും പിടികൂടുന്ന കടുവകളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തത് വനംവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. വനംവകുപ്പിന് കീഴിലുള്ള ബത്തേരി കുപ്പാടി പച്ചാടി വന്യജീവി സങ്കേതത്തില്‍ ആനിമല്‍ ഹോസ്പെയ്സ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ സ്ഥലപരിമിതിയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജനവാസകേന്ദ്രത്തിലിറങ്ങുന്നവയെയും പ്രായാധിക്യത്താല്‍ പരിക്കുപറ്റി ഇര തേടാന്‍ കഴിയാത്തതുമായ കടുവകളെയും പുലികളെയും പിടികൂടി പരിപാലിക്കുന്നതിനായാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.
ആദ്യഘട്ടത്തില്‍ നാല് കടുവകളെ പരിപാലിക്കുന്നതിനുള്ള സൗകര്യം മാത്രമെ ഇവിടെ ഒരുക്കിയിരുന്നുള്ളു. നിലവില്‍ ഏഴ് കടുവകളാണ് ഇവിടെയുള്ളത്. ഇപ്പോഴും പലയിടത്തും ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കടുവകളുണ്ട്. ഇവയില്‍ ഏതെങ്കിലുമൊന്നിനെ പിടിച്ചാല്‍ പോലും എങ്ങോട്ടുകൊണ്ടുപോകുമെന്നതാണ് വനംവകുപ്പിന് മുന്നിലുള്ള ചോദ്യം. പച്ചാടിയില്‍ നാല് കടുവകളെ പാര്‍പ്പിക്കുന്നതിലുള്ള സെല്ലുകളാണുള്ളത്. പരിക്കും മറ്റും പറ്റി തീവ്രപരിചരണം ആവശ്യമായവയ്ക്ക് ചികിത്സ നല്‍കുന്നതിനാവശ്യമായ രണ്ട് സ്‌ക്യൂജ് കേജുകളും ഇവിടെയുണ്ട്. അവിടെയാണ് ബാക്കി കടുവകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടേക്കായിരുന്നു ശനിയാഴ്ച പിടികൂടിയ ചൂരിമലയിലെ കടുവയെ എത്തിച്ചത്.
2022ല്‍ മാര്‍ച്ചില്‍ മാനന്തവാടിയില്‍നിന്ന് പിടികൂടിയ നാല് വയസുള്ള ആണ്‍കടുവയായിരുന്നു പച്ചാടിയില്‍ ആദ്യമെത്തിയത്. പിന്നീട്, അതേ വര്‍ഷം ജൂലൈയില്‍ വാകേരിയില്‍നിന്ന് പിടികൂടിയ 14 വയസുള്ള പെണ്‍കടുവയെയും ഇവിടേക്കെത്തിച്ചു. ഇതിന് പിന്നാലെ ആഗസ്റ്റില്‍ ചീരാലില്‍നിന്ന് പിടികൂടിയി 12 വയസുള്ള ആണ്‍കടുവയെയും 2022 നവംബറില്‍ കുപ്പമുടിയില്‍നിന്ന് കേന്ദ്രത്തിലേക്കെത്തിച്ച 11 വയസുള്ള ആണ്‍കടുവയെയും ഇവിടെ തന്നെ സംരക്ഷിച്ചുവരികയാണ്. 2023ല്‍ ആദ്യമെത്തിയത് മാനനന്തവാടി പുതുശേരിയില്‍ തോമസിനെ കൊല്ലുകയും കുപ്പാടിത്തറയില്‍ നിന്നെത്തിച്ചതുമായ 10 വയസുള്ള ആണ്‍കടുവയായിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബറില്‍ ഒരു നാടിനെയൊന്നാകെ ഭീതിയിലാഴ്ത്തിയ മൂലങ്കാവ് എറളോട്ടുകുന്നില്‍നിന്ന് പിടികൂടിയ 12 വയസുള്ള പെണ്‍കടുവയെയും അതേമാസം തന്നെ മാനന്തവാടി പനവല്ലിയില്‍ നിന്നുമെത്തിച്ച 10 വയസുള്ള പെണ്‍കടുവയും ഇവിടേക്ക് കൊണ്ടുവന്നു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മൂടകൊല്ലിയില്‍ ക്ഷീരകര്‍ഷകനായ പ്രജീഷിനെ കൊന്നുഭക്ഷിച്ച 13 വയസുള്ള ആണ്‍കടുവയെ പിടികൂടി ഇവിടേക്ക് എത്തിച്ചിരുന്നു. എന്നാല്‍, സ്ഥലപരിമിതിയും ചികിത്സിക്കേണ്ട ആവശ്യകതയും കണക്കിലെടുത്ത് ഈ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സമാനസാഹചര്യമാണ് ഇപ്പോഴുള്ളത്. ഏറ്റവുമൊടുവില്‍ പിടികൂടിയ ചൂരിമലയിലെ കടുവയെയും തൃശൂരിലെത്തിച്ചു.