VIDEO INTERVIEW: പി സി ജോര്‍ജ് ബി ജെ പിയിലേക്ക്, ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച; ജനപക്ഷം ഇല്ലാതാകും
കോട്ടയം: പിസി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബി ജെ പിയിലേക്ക്. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചക്ക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡല്‍ഹിയിലെത്തി. പി സി ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ് കാക്കനാട് എന്നിവരാണ് ബി ജെ പി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാന്‍ ഡല്‍ഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കര്‍, വി മുരളീധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.
ജനപക്ഷം പ്രവര്‍ത്തകര്‍ ബി ജെ പി യില്‍ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. ‘ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാന്‍ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്രമെ പറയാനാകു.’ പി സി ജോര്‍ജ്ജ് പറഞ്ഞു.
ബിജെ പി യില്‍ ചേരണമെന്ന അനുകൂലമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിന്റേത്. ബിജെപിയെ ഇക്കാര്യം അറിയിച്ചു. പത്തനം തിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധമില്ലെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.