നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു പോലീസില്‍ കീഴടങ്ങി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു പോലീസില്‍ കീഴടങ്ങി. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെത്തിയാണ് മനു കീഴടങ്ങിയത്. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പത്ത് ദിവസത്തിനകം ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കീഴടങ്ങല്‍. ഹൈക്കോടതി പോലീസില്‍ കീഴടങ്ങാന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും പിജി മനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്‍കാനെന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. യുവതി പിന്നീട് ആലുവ റൂറല്‍ എസ് പി ക്ക് നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ 9നും 10നും പീഡനം നടന്നുവെന്നും പറയുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പിജി മനുവിനെതിരെ കേസെടുത്തത്. പോലീസില്‍ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് മനു സമ്മര്‍ദം ചെലുത്തിയതായും പിന്നീട് രമ്യമായി പരിഹരിക്കാമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞു.