സുധാകരന്റെ അസഭ്യ പദപ്രയോഗം; സതീശന്‍ ഉടക്കി, ഹൈക്കമാന്‍ഡ് ഇടപെട്ടു

ആലപ്പുഴ: സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പരസ്യമായി നീരസം പ്രകടിപ്പിക്കുകയും അസഭ്യപദ പ്രയോഗം നടത്തുകയും ചെയ്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കടുത്ത അതൃപ്തി. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടു. തിരഞ്ഞെടുപ്പിനെയും സമരാഗ്നി ജാഥയെയും ഇക്കാര്യങ്ങള്‍ ബാധിക്കരുതെന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. എ ഐ സി സി ജനറല്‍ഡ സെക്രട്ടറി കെ സി വേണുഗോപാല്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഫോണില്‍ വിളിച്ച് സംസാരിച്ചു.
സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും കാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.
സമരാഗ്നിയുടെ ഭാഗമായി വാര്‍ത്താ സമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരന്‍. ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താന്‍ വൈകി. തുടര്‍ന്ന് ബാബു പ്രസാദിനോട് സതീശന്‍ എവിടെയാണെന്ന് സുധാകരന്‍ തിരക്കി. സതീശന്‍ മറ്റൊരു പരിപാടിയിലാണെന്ന് അറിഞ്ഞതോടെ കെ പി സി സി അധ്യക്ഷന്‍ മൈക്ക് ഓണായിരുന്നുവെന്ന് പോലും ചിന്തിക്കാതെ തെറി പറയുകയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം