കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും

കണ്ണൂര്‍: കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന്‍ തന്നെ കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ മത്സരിക്കും. ഇത് സംബന്ധിച്ച നിര്‍ദേശം എഐസിസി കെ സുധാകരന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ മത്സരത്തിനില്ലെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് മത്സരരംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍ തന്നെ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിയത്. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ യുഡിഎഫിന് വിജയസാധ്യത കുറവെന്നാണ് എഐസിസിയെ അറിയിച്ചിരിക്കുന്നത്.
Also Read; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ഇന്നും നാളെയും
കെപിസിസി പ്രസിഡണ്ട് സ്ഥാനവും എം പി പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു കെ സുധാകരന്റെ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മറിച്ചൊരു തീരുമാനവും ഉണ്ടാകില്ല. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെങ്കില്‍ സുധാകരന് രാജ്യസഭാ സീറ്റ് കൊടുക്കാന്‍ ഉള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലീഗിനായിരിക്കും രാജ്യസഭാ സീറ്റ് കൊടുക്കുക. ഇതും കെ സുധാകരനെ വീണ്ടും മത്സരിപ്പിക്കാന്‍ കാരണമായി.