#kerala #Movie #Top News

കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ നാളെ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ നാളെ ആരംഭിക്കും. നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം ആണ് സി സ്‌പേസ്. സിനിമയ്ക്കൊരിടം എന്ന അര്‍ത്ഥത്തിലുള്ള സി സ്‌പേസ് എന്ന പേരും ലോഗോയും 2022മേയില്‍ റിലീസ് ചെയ്തിരുന്നു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല.

Also Read ; “ഒരു സര്‍ക്കാര്‍ ഉത്പന്നം” സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു

സി സ്പേസിന്റെ ആദ്യ ഘട്ടത്തില്‍ 42 സിനിമകളാണ് ക്യൂറേറ്റര്‍മാര്‍ തിരഞ്ഞെടുത്തതെന്നും ഇതില്‍ 35 ഫീച്ചര്‍ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുണ്ടാവുകായെന്നും കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായ സംവിധായകന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതല്‍ 44 വരെ’ എന്നീ സിനിമകളുണ്ട്.

ചലച്ചിത്ര പ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി.ഉഷ, ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പെടെ 60 അംഗ ക്യൂറേറ്റര്‍ സമിതിയാണ് സി സ്‌പേസ്. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയും ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയതുമായ സിനിമകളായിരിക്കും ഇതില്‍ നേരിട്ട് പ്രദര്‍ശിപ്പിക്കുക.

കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കിയാല്‍ മതി അതായത് 75 രൂപയ്ക്ക് ഒരു ഫീച്ചര്‍ ഫിലിം കാണാം. തുകയുടെ പകുതി നിര്‍മ്മാതാവിനാണ്. സി സ്പേസ് വഴി കലാലയങ്ങളിലും പുറത്തുമുള്ള ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവയ്ക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്.

നാളെ രാവിലെ 9.30ന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സി സ്‌പേസ് ഉദ്ഘാടനം ചെയ്യുക. മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, എം.ഡി കെ.വി അബ്ദുള്‍ മാലിക്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എന്‍. മായ തുടങ്ങിയവര്‍ പങ്കെടുക്കും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *