സി.എ.എയെ പിന്തുണക്കുന്നു; മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനം – ഇ. ശ്രീധരന്‍

കോഴിക്കോട്: സി.എ.എയെ പിന്തുണക്കുന്നുവെന്നും മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും ബി.ജെ.പി സഹയാത്രികനായ മെട്രോമാന്‍ ഇ. ശ്രീധരന്‍പറഞ്ഞു . മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനുമായി ‘ദേശീയ പാത’ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇ. ശ്രീധരന്റെ ഈ അഭിപ്രായ പ്രകടനം. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നു പറഞ്ഞ അദ്ദേഹം, നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി.
Also Read ; പ്രതിയുടേതെന്ന് കരുതി പോലീസ് വളഞ്ഞത് പരാതിക്കാരന്റെ വീട്;അബദ്ധമായത് മാറിയ ഫോണ്‍ നമ്പര്‍
“സി.എ.എ മതപ്രകാരം ചെയ്യുന്ന കാര്യങ്ങളല്ല. അങ്ങനെ മുദ്ര കുത്തേണ്ടതില്ല. ഇത് രാജ്യത്തിന് ആവശ്യമുള്ള കാര്യങ്ങളാണ്. വികസനം എടുത്തുനോക്കൂ. എല്ലാവര്‍ക്കും ഒരുപോലെയല്ലേ വികസനം? സി.എ.എയില്‍ മുസ്‌ലിംകളെ ഒഴിച്ചുനിര്‍ത്തുന്നത് ശരിയാണ്. സി.എ.എ ഒരു വിഭാഗക്കാര്‍ക്ക് കൊടുക്കുന്നത് എന്തുകൊണ്ടാണെന്ന് നമ്മള്‍ ആലോചിക്കണം. അവര്‍ മറ്റു രാജ്യങ്ങളില്‍നിന്ന് മടങ്ങിവന്ന അവിടുത്തെ ന്യൂനപക്ഷക്കാരാണ്. മുസ്‌ലിം രാജ്യങ്ങളില്‍നിന്നു വന്ന ആള്‍ക്കാരാണ് അധികവും. അവിടെ അവര്‍ക്ക് നില്‍ക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഓടിവന്നത്. പത്തും പതിനഞ്ചും കൊല്ലം മുമ്പൊക്കെ വന്നയാളുകളാണ്. അവര്‍ക്ക് നമ്മള്‍ പൗരത്വം കൊടുത്തില്ലെങ്കില്‍ പിന്നെ വേറെ ഏത് രാജ്യമാണ് കൊടുക്കുക?
നമുക്ക് മുസ്‌ലിംകള്‍ക്ക് കൊടുക്കേണ്ട ആവശ്യമെന്താണ് പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെയുള്ള മുസ്‌ലിംകള്‍ അവരുടെ ഇഷ്ടപ്രകാരം അവിടെ പോയി താമസിക്കുന്നവരാണ്. അവര്‍ക്ക് സകല സൗകര്യങ്ങളും അവിടെയുണ്ട്. അവരെ ഓടിക്കുന്നില്ല. അവിടെ നിലനില്‍പില്ലാതെയെത്തുന്നവരെ, അവര്‍ ഇന്ത്യയെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ മതം നോക്കാതെ അവരെയും പരിഗണിക്കണം. ആ സ്റ്റേജ് എത്തിയിട്ടില്ല. ആരും വന്നിട്ടില്ല ഇതുവരെ. ഇന്ത്യയില്‍ വന്നുകേറിയ എല്ലാവര്‍ക്കും പൗരത്വം കൊടുക്കുകയാണെങ്കില്‍ എന്തായിരിക്കും ഇവിടുത്തെ സ്ഥിതി? വളരെ കാലമായി വന്നു കാത്തിരിക്കുന്നവര്‍ക്ക് കൊടുക്കണം. അവര്‍ കുറച്ചു പേരേയുള്ളൂ.
രാഷ്ട്രീയത്തില്‍ സജീവമായ ഒരു റോളും ഇപ്പോഴില്ല. ആശയപരമായ പിന്തുണയും തന്ത്രപരമായ സഹായങ്ങളുമൊക്കെ ചെയ്യുന്നുണ്ട്. മോദി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ രാജ്യത്ത് മോദി സര്‍ക്കാര്‍ ഒരുപാട് അഭിവൃദ്ധിയും വികസനവും കൊണ്ടുവന്നിട്ടുണ്ട്. അതിന് തുടര്‍ച്ചയുണ്ടാകണം.
ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ചിന്തിച്ചിട്ടേയില്ല. അവര്‍ ആവശ്യപ്പെട്ടാലും ഞാന്‍ പോകാന്‍ തയാറല്ലായിരുന്നു. കാരണം, എനിക്ക് 94 വയസ്സായി. അതുകൊണ്ട് അതു ചെയ്യുന്നത് ശരിയല്ലല്ലോ. പ്രചാരണ രംഗത്ത് സജീവമാകാനും കഴിയില്ല. വെയിലത്ത് ഓടിനടക്കാനൊന്നും സാധിക്കില്ല. രണ്ടരക്കൊല്ലം മുമ്പ് പാലക്കാട്ട് ചെയ്തതാണല്ലോ. അതുപോലെ ഇനി ചെയ്യാന്‍ സാധിക്കില്ല.
പാലക്കാട്ട് ഇനി ഒരു ഉപതെരഞ്ഞെടുപ്പ് നടന്നാലും മത്സരിക്കാനില്ല. ആ വയസ്സു കഴിഞ്ഞു എനിക്ക്. ഒരു അഞ്ചോ പത്തോ കൊല്ലം മുമ്പൊക്കെ അത് പറ്റുമായിരുന്നു. ഇനി മത്സരിക്കാനിറങ്ങുന്നത് ജനങ്ങളോട് ചെയ്യുന്ന ശരികേടാണ്. ജയിച്ചാല്‍ തന്നെ എന്തുചെയ്യാന്‍ സാധിക്കും? അതുകൊണ്ട് അങ്ങനെയൊരു ആഗ്രഹമേയില്ല. ഞാന്‍ മത്സരിച്ചില്ലെങ്കിലും ബി.ജെ.പിക്ക് നല്ല സാധ്യതയുണ്ടെന്നാണ് എന്റെ അഭിപ്രായം’ -ഇ. ശ്രീധരന്‍ പറഞ്ഞു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം