പാതിപിന്നിട്ട് വോട്ടെടുപ്പ്: വിലയിരുത്തലുകള്‍ തെറ്റുന്നു; ബിജെപി ഒരുചുവട് പിന്നോട്ട്

ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് നാനൂറിലധികം സീറ്റെന്ന ലക്ഷ്യം വെല്ലുവിളിയാകുംതോറും, വര്‍ഗീയ ചുവയുള്ള വാദങ്ങളില്‍ കൂടുതല്‍ ഊന്നിയാണ് ബിജെപി നാലാം ഘട്ട വോട്ടെടുപ്പിലേക്കു നീങ്ങുന്നത്. വളച്ചൊടിച്ചാണെങ്കിലും ബിജെപി തങ്ങളുടെ പ്രകടനപത്രിക ചര്‍ച്ചയാക്കിയതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. ഭരണഘടനയും സംവരണവും അപകടത്തിലെന്ന വാദത്തിന് മറുപടി പറയാന്‍ ബിജെപി നിര്‍ബന്ധിതമായത് ഇന്ത്യാ മുന്നണിക്ക് ഉന്മേഷം നല്‍കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്ന ഭൂരിപക്ഷം ലഭിക്കുമോ, ബിജെപിക്കു തനിച്ച് ഭൂരിപക്ഷം ലഭിക്കുമോ? എന്‍ഡിഎ പക്ഷത്ത് ഇപ്പോള്‍ സജീവ ചോദ്യമിതാണ്. പ്രചാരണത്തിന്റെ നിയന്ത്രണച്ചരട് പൂര്‍ണമായിത്തന്നെ കൈയില്‍വയ്ക്കാമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് കഴിഞ്ഞ 3 ഘട്ടങ്ങളിലായി മങ്ങലേറ്റതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
മോദി തരംഗമില്ലെന്നും രാമക്ഷേത്രം ഉത്തരേന്ത്യയില്‍ എല്ലായിടത്തും വോട്ടുനേടിത്തരില്ലെന്നും ബിജെപി വിലയിരുത്തുന്നു. ഗുജറാത്തിലുള്‍പ്പെടെ ജാതീയമായ പ്രശ്‌നങ്ങള്‍ ബിജെപിക്കു ദോഷമായിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥാനാര്‍ഥികളെ ഏറെ നേരത്തേ പ്രഖ്യാപിച്ചതും വിമതശബ്ദങ്ങള്‍ക്കു വഴിവച്ചു. സൂറത്തില്‍ മറ്റു സ്ഥാനാര്‍ഥികളെ ഒഴിവാക്കി വിജയം നേടാന്‍ കാട്ടിയ ആവേശവും അതേ തന്ത്രം ഇന്‍ഡോറില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനത്തിനു വഴിവച്ചു. ജയിക്കുമെന്നുറപ്പുള്ള സീറ്റുകളില്‍ എന്തിനു കുതന്ത്രത്തിനു തുനിഞ്ഞെന്ന ചോദ്യമാണ് പാര്‍ട്ടിയിലുള്ളത്.
മഹാരാഷ്ട്രയില്‍ ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തിയത് അവര്‍ക്ക് അനുകൂലമായ സഹതാപതരംഗമുണ്ടാക്കുന്ന വിലയിരുത്തലുണ്ട്. പ്രകാശ് അംബേദ്കറും അസദുദ്ദീന്‍ ഉവൈസിയും കഴിഞ്ഞതവണത്തേതുപോലെ പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കുന്ന സാഹചര്യവും കാണാനില്ല. യുപിയില്‍ 75 സീറ്റ് വിജയലക്ഷ്യം സാധ്യമല്ലെന്ന വിലയിരുത്തലാണ് ഇപ്പോള്‍ പാര്‍ട്ടിവൃത്തങ്ങള്‍ പങ്കുവയ്ക്കുന്നത്. വൈകാരിക വിഷയങ്ങള്‍ ഏശാത്തത് ബിഹാറില്‍ ദോഷമാകാമെന്നും ബിജെപി കരുതുന്നു. കര്‍ണാടകയിലും ബംഗാളിലും ലൈംഗിക വിഷയങ്ങള്‍ ചര്‍ച്ചയിലേക്കു വന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.
മേഖല തിരിച്ച് നിലവിലെ ചിത്രം ഇങ്ങനെ:
പോളിങ്ങിന്റെ 7 ഘട്ടങ്ങളില്‍ മൂന്നേ പിന്നിട്ടിട്ടുള്ളൂവെങ്കിലും സീറ്റുകളുടെ എണ്ണം വച്ചുനോക്കിയാല്‍ പാതി പിന്നിട്ടു. 543 സീറ്റില്‍ 283ല്‍ വോട്ടെടുപ്പ് കഴിഞ്ഞു. 16 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പു കഴിഞ്ഞു. അതേസമയം, എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പുള്ള യുപി, ബിഹാര്‍, ബംഗാള്‍ എന്നീ വലിയ സംസ്ഥാനങ്ങളില്‍ മൂന്നിലൊന്നു സീറ്റുകളില്‍ പോലും പോളിങ് കഴിഞ്ഞിട്ടുമില്ല.
മൂന്നു ഘട്ടങ്ങളിലായി ഇതുവരെ വോട്ടെടുപ്പുനടന്ന പ്രദേശങ്ങള്‍
ഉത്തരേന്ത്യ: ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഏറ്റവും അവസാനത്തെ 2 ഘട്ടങ്ങളിലാണു വോട്ടെടുപ്പ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും കര്‍ഷകപ്രക്ഷോഭവും പ്രധാന ചര്‍ച്ചാവിഷയങ്ങളാകുന്ന മേഖല. ഇവയില്‍ പഞ്ചാബ് ഒഴികെ മൂന്നിടത്തും കഴിഞ്ഞതവണ എന്‍ഡിഎ എല്ലാ സീറ്റും തൂത്തുവാരിയിരുന്നു. പോളിങ് നടക്കാനിരിക്കുന്ന യുപിയിലെ 54 സീറ്റും ബിഹാറിലെ 26 സീറ്റും മൊത്തം ഫലത്തെ സ്വാധീനിക്കാന്‍ തക്കവിധം നിര്‍ണായകം.
പശ്ചിമേന്ത്യ: മഹാരാഷ്ട്രയില്‍ അടുത്ത 2 ഘട്ടം കൂടി വോട്ടെടുപ്പ്. മുംബൈ നഗരമേഖലയും ഇതില്‍പെടും. കഴിഞ്ഞതവണ 48 ല്‍ 41 സീറ്റ് നേടിയ എന്‍ഡിഎ ഇക്കുറി ശക്തമായ മത്സരം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണ തന്ത്രങ്ങള്‍ എന്താകുമെന്ന ആകാംക്ഷ ശക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 7-8 റാലികള്‍ കൂടി നടക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍: ഇന്നലെ മൂന്നാം ഘട്ടത്തോടെ മേഖലയില്‍ വോട്ടെടുപ്പു പൂര്‍ണം.
കിഴക്ക്: 13 മുതലുള്ള 4 ഘട്ടങ്ങളിലായാണ് ഒഡീഷയില്‍ വോട്ടെടുപ്പ്. ബംഗാളില്‍ 4 ഘട്ടങ്ങളിലായി 32 സീറ്റുകളില്‍ കൂടി വോട്ടെടുപ്പ് നടക്കാനുണ്ട്. ബംഗാളില്‍ ആധിപത്യം നേടാനുള്ള ബിജെപി ശ്രമങ്ങളെ തൃണമൂല്‍ അരയും തലയും മുറുക്കി ചെറുക്കുന്നതാണു നിലവിലെ ചിത്രം.
ദക്ഷിണേന്ത്യ: തെലങ്കാനയിലും ആന്ധ്രപ്രദേശിലും നാലാം ഘട്ടമായ 13നാണു വോട്ടെടുപ്പ്. ഇതോടെ ഈ മേഖലയില്‍ വോട്ടെടുപ്പ് പൂര്‍ണമാകും. തെലങ്കാനയില്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വയ്ക്കുന്നു. ബിആര്‍എസ് ദുര്‍ബലമായതോടെ ബിജെപി കൂടുതല്‍ വളര്‍ച്ച ലക്ഷ്യം വയ്ക്കുന്നു. ആന്ധ്രയില്‍ ടിഡിപി സഖ്യംവഴി നില മെച്ചപ്പെടുത്താനാണു ബിജെപി ശ്രമം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം