October 25, 2025
#Crime #Top News

പെരുമ്പാവൂര്‍ വധക്കേസ്; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: പെരുമ്പാവൂര്‍ വധക്കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെയ്ക്കണം എന്ന പ്രോസിക്യൂഷന്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കുന്നത്. ശിക്ഷാവിധി ഒഴിവാക്കി വെറുതെവിടണം എന്ന അമീറുല്‍ ഇസ്ലാമിന്റെ ആവശ്യത്തിലും ഹൈക്കോടതി വിധി പറയും. മധ്യവേനലവധിക്കാലത്തിന് ശേഷം ഇന്ന് മുതല്‍ ഹൈക്കോടതി പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ആദ്യം പ്രസ്താവിക്കുന്നത് നിയമ വിദ്യാര്‍ഥിയുടെ വധക്കേസ് അപ്പീലിലെ വിധിയാണ്. നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിലെ വിചാരണ കോടതി വിധിയിന്‍മേലുള്ള അപ്പീലില്‍ ആണ് ഹൈക്കോടതി വിധി പറയുന്നത്.

Also Read ; വീണ്ടും നായനാരുടെ ശബ്ദംകേള്‍ക്കാം; നിര്‍മിതബുദ്ധിയില്‍ നായനാര്‍ക്ക് പുതുജന്മം

ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രസ്താവം. 2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുല്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്. 1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു വിചാരണ. ഒന്നര വര്‍ഷത്തില്‍ അധികം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ആയതിനാല്‍ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുന്നത്. അമീറൂല്‍ ഇസ്ലാമിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ അപ്പീലിലും ഡിവിഷന്‍ ബെഞ്ച് വിധി പറയും.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തില്‍ ഏറ്റ മുറിവുകള്‍ ആയിരുന്നു മരണ കാരണം. കൊല്ലപ്പെടും മുന്‍പ് യുവതി പ്രതിയുടെ കൈയ്യില്‍ കടിച്ചു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎന്‍എ ഒരുപോലെയായി. അമീറുല്‍ ഇസ്ലാമിന്റെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചു. അമീറുല്‍ ഇസ്ലാമിന്റെ ചെരുപ്പില്‍ നിന്നും യുവതിയുടെ ഡിഎന്‍എ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷന്‍ വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്.

കൊലപാതക കേസ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പ്രതിയെ പിടികൂടുന്നതില്‍ ആദ്യ അന്വേഷണ സംഘം വഴിമുട്ടി. തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ പുതിയ പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. കൊലപാതകം സംഭവിച്ച് ഒരു മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാനായത്. അതിഥി തൊഴിലാളിയായിരുന്ന അസം സ്വദേശി 32കാരന്‍ അമീറുല്‍ ഇസ്ലാം ആണ് കേസിലെ ഏക പ്രതി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

Leave a comment

Your email address will not be published. Required fields are marked *